ഇവര്‍ വിധി പ്രസ്താവിച്ചവര്‍
ബാബരി ഭൂമിതര്‍ക്ക കേസില്‍ വിധി പ്രസ്താവിച്ച് ചരിത്രത്തിലേക്ക് നടന്നു കയറിയത് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ചംഗ ബെഞ്ച്. വര്‍ഷങ്ങളായി നീണ്ടുനിന്ന തര്‍ക്കത്തിനാണ് ഇന്നലെ കോടതി വധി പറഞ്ഞത്.
രഞ്ജന്‍ ഗൊഗോയ്
അസം സ്വദേശിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. വടക്കുകിഴക്കന്‍ സംസ്ഥാനത്തുനിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യത്തെയാളാണ്. 2018 ഒക്ടോബറിലാണ് ഇദ്ദേഹം ചുമതലയേറ്റത്. 1978ല്‍ എന്റോള്‍ ചെയ്ത ഇദ്ദേഹം ഗുഹാവത്തി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. 2001 ഫെബ്രുവരി 28ന് സ്ഥിരം ജഡ്ജിയായതിനു ശേഷം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം.
2012 ഏപ്രിലില്‍ സുപ്രിംകോടതിയിലേക്ക് സ്ഥാനക്കയറ്റം. പൗരത്വ പട്ടികള്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന വിധികള്‍ പ്രസ്താവിച്ചിട്ടുണ്ട്. നവംബര്‍ 17ന് താന്‍ വിരമിക്കുന്നതിന്റെ മുന്‍പ് ബാബരി ഭൂമിതര്‍ക്ക കേസില്‍ വിധി പറയുമെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. ബാബരി വിധിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താനായി സംസ്ഥാന അധികാരികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജസ്റ്റിസ് എസ്.എ ബോബ്‌ഡെ
നിയുക്ത ചീഫ് ജസ്റ്റിസാണ് ശരദ് അരവിന്ദ് ബോബ്‌ഡെ. രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതോടെയാണ് ഇദ്ദേഹം സ്ഥാനമേല്‍ക്കുക. 2000ല്‍ ബോംബെ ഹൈക്കോടതി അഡിഷനല്‍ ജഡ്ജിയായിരുന്ന ഇദ്ദേഹം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി അധികാരമേറ്റു. 2013ല്‍ സുപ്രിംകോടതി ജഡ്ജിയായി. അയോധ്യ വിധി ലോകത്തിലെ ഏറ്റവും സുപ്രധാനമായ വിധികളില്‍ ഒന്നായിരിക്കുമെന്ന് അദ്ദേഹം ഈയിടെ ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
മുന്‍ ചീഫ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ മകനായ ഡി.വൈ ചന്ദ്രചൂഡ് 2016 മെയിലാണ് സുപ്രിംകോടതി ജഡ്ജിയാകുന്നത്. ബോംബെ ഹൈക്കോടതി, അലഹബാദ് ഹൈക്കോടതി എന്നിവിടങ്ങളില്‍ സേവനം ചെയ്തു. സ്വകാര്യത സംരക്ഷണം, അഡള്‍ട്ടറി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇദ്ദേഹം വിധി പ്രസ്താവം നടത്തിയിട്ടുണ്ട്.
ജസ്റ്റിസ് അശോക് ഭൂഷന്‍
1979 ല്‍ സേവനമാരംഭിച്ച അശോക് ഭൂഷന്‍ 2001 ല്‍ അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജി ആകുന്നതിന് മുന്‍പ് അവിടെ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിരുന്നു. 2014ല്‍ കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം കുറച്ചു മാസങ്ങള്‍ക്കുശേഷം അവിടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി മാറുകയും മാര്‍ച്ചില്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുകയും ചെയ്തു. 2016 മെയ് 13നാണ് അദ്ദേഹം സുപ്രിംകോടതിയില്‍ നിയമിതനാകുന്നത്.
ജസ്റ്റിസ് അബ്ദുല്‍ നസീര്‍
1983 ഫെബ്രുവരിയില്‍ അഡ്വക്കറ്റായി എന്റോള്‍ ചെയ്ത ജസ്റ്റിസ് അബ്ദുല്‍ നസീര്‍ കര്‍ണാടക ഹൈക്കോടതിയില്‍ 20 വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തു. 2003 ഫെബ്രുവരിയില്‍ അഡിഷനല്‍ ജഡ്ജിയായി നിയമിച്ചു. തുടര്‍ന്ന് അടുത്തവര്‍ഷം സ്ഥിരം ജഡ്ജിയായി. 2017 ഫെബ്രുവരി 17ന് സുപ്രിംകോടതി ജഡ്ജിയായി നിയമിതനായി. മുത്വലാഖ് വിധി പ്രസ്താവത്തില്‍ ജെ.എസ് ഖെഹാറിനൊപ്പം ചേര്‍ന്ന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."