ബോട്ടിന്റെ എന്ജിന് തകരാറില്‍: രണ്ടാഴ്ചയിലധികമായി 14 മത്സ്യത്തൊഴിലാളികള്‍ നടുക്കടലില്‍
ഫറോക്ക് : ബോട്ടിന്റെ എന്ജിന് തകരാറിലായതിനെത്തുടര്‍ന്ന് 14 മത്സ്യത്തൊഴിലാളികള്‍ രണ്ടാഴ്ചയിലേറെയായി നടുക്കടലില്‍. കന്യാകുമാരി വള്ളവിളൈ വട്ടപ്പുന്ന വിളകം സാബുവിന്റെ ഉടമസ്ഥതയിലുള്ള ഹെബ്സിബ ബോട്ടാണ് കടലില്‍ കുടങ്ങിയത്. കഴിഞ്ഞ മാസം 18ന് കൊച്ചി മുനമ്പത്തു നിന്നാണ് മത്സ്യബന്ധനത്തിനു പോയത്. ശക്തമായ കാറ്റില്‍പ്പെട്ടാണ് ബോട്ടിന്െ എന്ജിന് തകരാറിലായത്. ബോട്ടും മത്സ്യതൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായ വിവരം ഇന്നലെ രാവിലെയാണ് ബേപ്പൂര്‍ മറൈന്‍ എന്ഫോഴ്്സ്മെന്റിനു ലഭിച്ചത്.
ആന്ത്രോത്ത് ദ്വീപില്‍ നിന്ന് 18 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ടും മത്സ്യതൊഴിലാളികളും ഉള്ളതെന്നാണ് വിവരം. മറൈന്‍ എന്‍ഫോഴ്സ്മെന്റിനു കിട്ടിയ വിവരം കോസ്റ്റ് ഗാര്‍ഡിനു നല്കി. ഇവര്‍ ഇത് ആന്ത്രോത്ത് സ്റ്റേഷന് കൈമാറിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം നടത്തിയ പരിശോധനയില്‍ ബോട്ടു കണ്ടെത്തിയതായാണ് വിവരം. എന്ജിന് തകരാറിലായ ബോട്ട് നിയന്ത്രണമില്ലാതെ ഒഴുകിയാണ് ആന്ത്രോത്ത് ദ്വീപിനു സമീപമെത്തിയത്.
മത്സ്യതൊഴിലാളികള്‍ ശേഖരിച്ചുവച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിഞ്ഞിട്ടുണ്ടെത്രെ. കടലില്‍ കാറ്റ് വീശുന്നതും തൊഴിലാളികള്‍ക്കു ഭീഷണിയാണ്. കോസ്റ്റ് ഗാര്‍ഡ് വയര്‍ലെസ് സെറ്റു മുഖേന തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. മത്സ്യതൊഴിലാളികളെല്ലാം സുരക്ഷതരാണെന്നാണ് വിവരം. ഇവരെ കരയ്ക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."