വിചിത്ര വിധികള്‍ മുന്‍പും
ന്യൂഡല്‍ഹി: 1986ല്‍ ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായ് തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട ഫൈസാബാദ് ജില്ലാജഡ്ജി കെ.എം പാണ്ഡെ 1991ല്‍ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയില്‍ ഹിന്ദുക്കള്‍ക്കനുകൂലമായി വിധിപറയാന്‍ നിമിത്തമായ ഒരു കുരങ്ങന്റെ സാന്നിധ്യത്തെക്കുറിച്ചു പറയുന്നുണ്ട്.
ആ ഭാഗം ഇങ്ങനെ: വിധി പറയുന്ന അന്ന് മുഴുവന്‍ കുരങ്ങന്‍ കോടതിയുടെ മേല്‍ക്കൂരയ്ക്കു മുകളില്‍ കൊടിമരത്തില്‍ പിടിച്ചിരിപ്പായത്രെ. വിധി കേള്‍ക്കാനെത്തിയവര്‍ കുരങ്ങന് പഴങ്ങള്‍ എറിഞ്ഞു കൊടുത്തെങ്കിലും അത് ഒന്നും കഴിച്ചില്ല. ഇത് ഹനുമാന്റെ സാന്നിധ്യമാണെന്ന് ഞാന്‍ കരുതി. വൈകിട്ട് 4.40ന് ഞാന്‍ പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ വിധി പറഞ്ഞതോടെ കുരങ്ങന്‍ അപ്രത്യക്ഷമായി. വൈകിട്ട് ജില്ലാ കലക്ടര്‍ക്കും എസ്.എസ്.പിക്കുമൊപ്പം വീട്ടിലെത്തിയപ്പോള്‍ അതെ കുരങ്ങന്‍ തന്റെ വീടിന്റെ വരാന്തയിലിരിക്കുന്നു. ഞാന്‍ കുരങ്ങനെ അഭിവാദ്യം ചെയ്തു. അത്ഭുതശക്തിയുള്ള കുരങ്ങായിരുന്നു അത്. രാമന് അനുകൂലമായി വിധി പറഞ്ഞ തന്നെ അനുഗ്രഹിക്കാനാണ് ഹനുമാന്‍ വേഷം മാറിയെത്തിയതെന്ന് പാണ്ഡെ പറയുന്നു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത് പാണ്ഡെയുടെ ഈ വിധിയാണ്.
പാണ്ഡെയുടെ ഉത്തരവും അനുബന്ധ നാടകങ്ങളും മുന്‍പ്രധാനമന്ത്രി പി.വി നരസിംഹറാവു തന്റെ അയോധ്യയെക്കുറിച്ചുള്ള പുസ്തകത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. പാണ്ഡെ വിധി പറയുന്നതിന് മുമ്പ് തന്നെ പള്ളിയുടെ പൂട്ടു തുറക്കുന്നത് കാണാന്‍ ആയിരങ്ങള്‍ അയോധ്യയില്‍ തടിച്ചു കൂടിയിരുന്നുവത്രെ. പൂട്ട് തുറക്കുമ്പോള്‍ അകത്ത് ദൂരദര്‍ശന്‍ കാമറാമാന്‍ എല്ലാം പകര്‍ത്താന്‍ തയ്യാറായി നില്‍പുണ്ടായിരുന്നു.
ബാബരി മസ്ജിദിന്റെ കാര്യത്തില്‍ കോടതിയില്‍ നിന്ന് ഏറ്റവും അവസാനമായി ന്യായപൂര്‍ണമായ വിധിയുണ്ടാകുന്നത് 1885 ഡിസംബര്‍ 24നാണ്. രാമജന്മഭൂമിയിലെ മുഖ്യപുരോഹിതനാണെന്ന് അവകാശപ്പെട്ട രഘുബീര്‍ദാസ് 1885 ജനുവരി 16ന് ഫൈസാബാദ് കോടതിയില്‍ ഒരു ഹരജി നല്‍കി. ബാബരി മസ്ജിദിന്റെ പുറംമതിലിനകത്ത് ഒരു ക്ഷേത്രം പണിയാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു അപേക്ഷ. എന്നാല്‍ ഈ ഹരജിയില്‍ പോലും ബാബരിമസ്ജിദിന്റെ അസ്തിത്വം അംഗീകരിച്ചിരുന്നു.
ബാബരിമസ്ജിദിന്റെ സ്ഥാനം ആമീന്‍ ഗോപാല്‍സാഹി തയ്യാറാക്കിയ സൈറ്റ്പ്ലാനില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള പള്ളിവളപ്പില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സബ്ജഡ്ജി പണ്ഡിറ്റ് ഹരികിഷന്‍ അപേക്ഷ തള്ളിക്കളഞ്ഞു. തുടര്‍ന്ന് ഫൈസാബാദ് ജില്ല ജഡ്ജി കേണല്‍ ജെ.ഇ.എ ചാംബിയറിന്റെ മുമ്പാകെ രഘുബീര്‍ ദാസ് ഒരു അപ്പീല്‍ സമര്‍പ്പിച്ചുവെങ്കിലും അതും കോടതി തള്ളിക്കളഞ്ഞു. എന്നാല്‍ ഈ സംഭവങ്ങള്‍ നടന്നത് സ്വതന്ത്ര ഇന്ത്യയിലായിരുന്നില്ല.
മറ്റൊരു സംഭവം 1992ല്‍ പള്ളിയ്ക്കടുത്ത് പ്രതീകാത്മക കര്‍സേവ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി നല്‍കിയ വിധിയാണ്. ഹിന്ദുത്വര്‍ക്ക് പള്ളിവളപ്പിലേക്ക് കയറിവരാനും ഡിസംബറില്‍ പള്ളി തകര്‍ക്കാനും സാഹചര്യമൊരുക്കിയത് ഈ വിധിയായിരുന്നു.
പള്ളിവളപ്പില്‍ കര്‍സേവകര്‍ക്ക് പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ കോടതിയുത്തരവിന് വിരുദ്ധമായി അനുവദിച്ച ഉത്തര്‍പ്രദേശിലെ കല്യാണ്‍സിങ് സര്‍ക്കാറിന്റെ 1992 ജൂലൈയിലെ നടപടിയ്‌ക്കെതിരേ കോടതിയലക്ഷ്യ നോട്ടീസ് നിലനില്‍ക്കവെയാണ് സുപ്രിംകോടതി ഇത്തരത്തിലൊരു അനുമതി നല്‍കിയത്.
ഈ കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന വെങ്കിടാചലയ്യയും നേതൃത്വത്തിലുള്ള അഞ്ചംഗബെഞ്ച് കല്യാണ്‍സിങ്ങിന് വിധിച്ചത് ഒരു ദിവസത്തെ തടവ്മാത്രം. എന്നാല്‍ പള്ളി തകര്‍ക്കാന്‍ അനുമതി നല്‍കിയ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കോടതിയലക്ഷ്യനടപടിയില്‍ കല്യാണ്‍സിങ്ങ് സര്‍ക്കാറിനെതിരേ നടപടിക്ക് സുപ്രിംകോടതി തയ്യാറായില്ല.
വിലക്ക് ലംഘിച്ച് സുപ്രിംകോടതി
മുറിക്കുള്ളിലും ജയ്ശ്രീറാം വിളി
ന്യൂഡല്‍ഹി: സുപ്രിംകോടതി വിധി ഹിന്ദു കക്ഷികള്‍ക്ക് അനുകൂലമായതോടെ കോടതി മുറിക്കുള്ളിലും പുറത്തും ജയ്ശ്രീറാം വിളികളുമായി അഭിഭാഷകരുടെ കക്ഷികളും. ആഹ്‌ളാദത്തില്‍ ചില മാധ്യമപ്രവര്‍ത്തകരും പങ്കുചേരുന്നത് കാണാമായിരുന്നു.
10.30ന് തുടങ്ങിയ വിധി വായിക്കല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് 11.20 ഓടെയാണ് പൂര്‍ത്തിയാക്കുന്നത്. ബെഞ്ചിലെ ജഡ്ജിമാര്‍ എണീറ്റ് പുറത്തേക്ക് നടന്നയുടനെ കോടതി മുറിയില്‍ തന്നെ ജയ്ശ്രീറാം വിളികള്‍ മുഴങ്ങി. പുറത്തിറങ്ങിയ അഭിഭാഷകര്‍ മുറിക്ക് പുറത്തും സംഘം ചേര്‍ന്ന് ജയ്ശ്രീറാം വിളിച്ചു. കോടതി വിധിയോട് അനുകൂലിച്ചും എതിര്‍ത്തും പരസ്യപ്രകടനങ്ങള്‍ പാടില്ലെന്ന മാര്‍ദനിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണിത്.
കോടതി വളപ്പിനകത്തെ പ്രധാന കെട്ടിടത്തിന് തൊട്ടുപുറത്തുള്ള ഉദ്യാനത്തില്‍ ശംഖുവിളി മുഴക്കിയും ജയ്ശ്രീറാം വിളിച്ചും അഭിഭാഷകരും ബന്ധപ്പെട്ട കക്ഷികളും അവരുടെ ആളുകളും ആഘോഷം തുടങ്ങി.
ആഘോഷം മണിക്കൂറുകളോളം നീണ്ടു. ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ കാമറയുള്ളിടത്തെല്ലാം പല സംഘങ്ങളായി ചേര്‍ന്ന് ജയ്ശ്രീറാം വിളിമുഴക്കിക്കൊണ്ടിരുന്നു. ജയ്ശ്രീറാം എന്നഴുതിയ കാവിനിറത്തിലുള്ള ബാനറുകളുമായാണ് ഒരുവിഭാഗം ആളുകള്‍ വിധികേള്‍ക്കാനെത്തിയത്.
തിങ്ങി നിറഞ്ഞ് കോടതി മുറി
വിധി പറഞ്ഞത് സാധാരണ ദിവസം പോലെ
ന്യൂഡല്‍ഹി: ബാബരി കേസില്‍ സുപ്രിംകോടതി വിധി പറഞ്ഞത് സാധാരണ ദിവസം പോലെ. തിലക്മാര്‍ഗിലെ കോടതി വളപ്പിലേക്കുള്ള എല്ലാ റോഡുകളും കാലത്ത് മുതല്‍ തന്നെ അടച്ചിടുകയും സി.ആര്‍.പി.എഫിനെ വിന്യസിക്കുകയും ചെയ്തതു മാത്രമായിരുന്നു ആകെയുണ്ടായ മാറ്റം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കുന്നതില്‍ വിലക്കൊന്നുമുണ്ടായിരുന്നില്ല. കോടതിക്ക് അകത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെങ്കിലും സാധാരണയില്‍ക്കവിഞ്ഞ പരിശോധനയുമുണ്ടായില്ല.
എട്ടുമണിയോടെ തന്നെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകും ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന ബെഞ്ചിരിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിയ്ക്ക് മുന്നില്‍ തടിച്ചു കൂടി. മുറിയുടെ വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നത് 10.20 ഓടെയാണ്. മുറിക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകള്‍ അകത്തേക്ക് ഇടിച്ചു കയറിയതോടെ കോടതി മുറിയ്ക്കുള്ളില്‍ കനത്ത തിരക്കായി. കൃത്യം 10.28 ആയതോടെ ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും ഒരുമിച്ച് കോടതിയില്‍ പ്രവേശിച്ചു. കൃത്യം 10.30ന് തന്നെ ചീഫ് ജസ്റ്റിസ് വിധി പറഞ്ഞു തുടങ്ങി. 11.14 ഓടെ കോടതി വിധി പറയല്‍ പൂര്‍ത്തിയാക്കി എഴുന്നേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."