മേളയുടെ പകുതിയോളം ചെലവും സുഖതാമസത്തിന്
അജേഷ് ചന്ദ്രന്‍ #
തിരുവനന്തപുരം: പ്രളയപശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ ചെലവുകുറച്ച് നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ സുഖതാമസ സൗകര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഉദ്യോഗസ്ഥര്‍. അരക്കോടി രൂപ ബജറ്റിട്ടിരിക്കുന്ന കലോത്സവത്തിന്റെ പകുതിയോളം തുകയും മാറ്റിവച്ചിരിക്കുന്നത് താമസ സൗകര്യമൊരുക്കുന്നതിന്. പ്രളയബാധിത മേഖലകൂടിയായ ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന കലോത്സവ ധൂര്‍ത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ചെലവു ചുരുക്കലിന്റെ ഭാഗമായി ആകെ 50 ലക്ഷം രൂപയാണ് ഇത്തവണ കലോത്സവ നടത്തിപ്പിനായി സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. ഇതില്‍ 21.5 ലക്ഷം രൂപയും താമസസൗകര്യം ഒരുക്കുന്നതിനാണ് വകയിരുത്തിയിട്ടുള്ളത്. അതില്‍ തന്നെ വെറും ഒന്നരലക്ഷം രൂപ മാത്രമാണ് കലോത്സവത്തിനെത്തുന്ന കുട്ടികളുടെ താമസസൗകര്യത്തിനായി മാറ്റിവച്ചിട്ടുള്ളത്. ബാക്കി 20 ലക്ഷം രൂപയും വിവിധ ഉദ്യോഗസ്ഥര്‍ക്കും വിധികര്‍ത്താക്കള്‍ക്കുമുള്ള താമസസൗകര്യത്തിനായി നീക്കിവച്ചിരിക്കുന്നു. 200 ഓളം വരുന്ന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും അധ്യാപക സംഘടനാ നേതാക്കളും, 400 ഓളം വരുന്ന വിധികര്‍ത്താക്കള്‍ക്കും താമസമൊരുക്കുന്നതിനാണ് ഈ തുക.
കഴിഞ്ഞ തവണ നാലുകോടിയോളം രൂപയായിരുന്നു കലോത്സനടത്തിപ്പിന് ചെലവായത്. അന്ന് 30 ലക്ഷത്തോളമായിരുന്നു താമസ ചെലവ്. മേളയുടെ ചെലവ് നാലുകോടിയില്‍ നിന്ന് 50 ലക്ഷമാക്കി ഇത്തവണ കുറച്ചപ്പോഴും താമസചെലവില്‍ കാര്യമായ വെട്ടിച്ചുരുക്കല്‍ നടന്നില്ലെന്നുള്ളതാണ് വസ്തുത.
സംഭവം വിവാദമായതോടെ ഹോട്ടല്‍ മാനേജ്‌മെന്റുകളുടെ യോഗം വിളിച്ച് പരമാവധി ചെലവ് കുറച്ച് റൂമുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് ഇന്നലെ ആലപ്പുഴയില്‍ നടന്ന ഉന്നതതലയോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."