കഞ്ഞി ടീച്ചര്‍ എന്ന വിളി വേണ്ട
വിനയന്‍ പിലിക്കോട്#
ചെറുവത്തൂര്‍: ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകരെ കഞ്ഞി ടീച്ചര്‍ എന്ന വിളി ഇനി വേണ്ട. ഉച്ചഭക്ഷണത്തെ ഉച്ചക്കഞ്ഞിയെന്നും വിളിക്കരുത്. ഉച്ചഭക്ഷണ പദ്ധതിയെ അവഹേളിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഉച്ചഭക്ഷണ വിതരണകാര്യങ്ങളില്‍ പ്രധാനാധ്യാപകനെ സഹായിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനോ അധ്യാപികയ്‌ക്കോ ചുമതലയുണ്ട്. ഇവരാണ് കഞ്ഞി ടീച്ചര്‍ വിളി കേള്‍ക്കുന്നത്. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ലിഖിതവും അലിഖിതവുമായ ഒരു കാര്യത്തിലും ഇനി 'കഞ്ഞി' പ്രയോഗമുണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്നത്.
1984 ഡിസംബര്‍ ഒന്നിനാണ് സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. അന്നു മുതല്‍ ഏറെക്കാലം കഞ്ഞിയും പയറുമാണ് നല്‍കിയിരുന്നത്. ഉച്ചഭക്ഷണം കുട്ടികളുടെ ന്യായമായ അവകാശമാണെന്നും പ്രൈമറി ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് 300 കലോറി ഊര്‍ജവും എട്ടുമുതല്‍ 12 ഗ്രാം മാംത്സ്യവും പ്രദാനം ചെയ്യുന്ന ഉച്ചഭക്ഷണം ഒരു അക്കാദമിക് വര്‍ഷം 200 ദിവസമെങ്കിലും നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് കഞ്ഞിക്ക് പകരം ചോറും കറികളും നല്‍കുന്ന തരത്തിലേക്ക് ഉച്ചഭക്ഷണ പദ്ധതി മാറിയത്. ഇപ്പോള്‍ കുട്ടികള്‍ക്ക് ചോറിനൊപ്പം ഒരു കറിയും രണ്ട് വിഭവവും നല്‍കുന്നുണ്ട്. പല വിദ്യാലയങ്ങളും മത്സ്യവും മാംസാഹാരവും ചില ദിവസങ്ങളില്‍ ഉച്ച ഭക്ഷണത്തിനൊപ്പം കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.
കഞ്ഞിയും പയറുമെന്ന സമ്പ്രദായം മാറി ചോറും കറികളും നല്‍കി തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായെങ്കിലും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും 'കഞ്ഞി' പ്രയോഗങ്ങള്‍ തുടരുകയാണ്. പല വിദ്യാലയങ്ങളും ഉച്ചഭക്ഷണ രജിസ്റ്ററിന് പേര് ഇപ്പോഴും ഉച്ചക്കഞ്ഞി രജിസ്റ്റര്‍ എന്നാണ്. പാചകപുരയ്ക്ക് മിക്കയിടങ്ങളിലും ഇപ്പോഴും പേര് കഞ്ഞിപ്പുര എന്നു തന്നെയാണ്. ഉച്ചഭക്ഷണ പദ്ധതിയെ അവഹേളിക്കുന്ന പദപ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ പി.ടി.എ, ഉച്ചഭക്ഷണ കമ്മിറ്റി, എസ്.എം.സി, മദര്‍ പി.ടി.എ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."