നിരോധിച്ച മരുന്നുകള്‍ കൊണ്ടുവന്നതിന് പിടിയിലായ മലയാളി ജയില്‍ മോചിതനായി
റിയാദ്: നാട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ കൊണ്ടുവന്ന മരുന്നുകളില്‍ നിരോധിച്ചവ കണ്ടെത്തിയതിനെ തുടര്‍ന്ന് സഊദിയില്‍ ജയിലിലായ മലയാളിക്ക് ഒടുവില്‍ മോചനം. ആലപ്പുഴ ഹരിപ്പാട് സ്വദേശി അബ്ദുസമദാണ് രണ്ടര മാസത്തെ ജയില്‍വാസത്തിന് ശേഷം മോചിതനായത്. നാട്ടില്‍ പോയി വരുന്നതിനിടെ സഹോദരീ ഭര്‍ത്താവിന് വേണ്ടി കൊണ്ടുവന്ന മരുന്നുകളിലാണ് രാജ്യത്ത് നിരോധിച്ചവ കണ്ടെത്തിയത്. തുടര്‍ന്ന് മരുന്ന് കൊണ്ടുവന്ന അബ്ദുസ്സമദിനെയും ആവശ്യക്കാരനായ സഹോദരീ ഭര്‍ത്താവ് മുഹമ്മദ് നൗഫലിനെയും എയര്‍പോര്‍ട്ട് കസ്റ്റംസും പൊലിസും പിടികൂടുകയായിരുന്നു. നജ്‌റാനില്‍ ജോലിചെയ്യുന്ന അപസ്മാര രോഗിയായ സഹോദരി ഭര്‍ത്താവ് മുഹമ്മദ് നൗഫലിന് നല്‍കാനായി ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നായിരുന്നു പിടികൂടിയിരുന്നത്. കേസില്‍ മുഹമ്മദ് നൗഫലിനെ ഒരു മാസത്തിനു ശേഷം വിട്ടയച്ചിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബര്‍ 13നായിരുന്നു സംഭവം. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു നാട്ടില്‍ നിന്നും അബ്ദുസമദ് തിരിച്ചു വരുന്നതിനിടെ റിയാദിലെത്തി ഇവിടെ നിന്നും അബഹയിലേക്കുള്ള വിമാനം മാറിക്കയറുന്നതിനിടെ നടത്തിയ പരിശോധനയില്‍ കസ്റ്റംസ് മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. മരുന്നുകള്‍ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവിയുടെയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസറുടെയും കുറിപ്പുകള്‍ ഉണ്ടായിട്ടും ഇതൊന്നും അധികൃതര്‍ മുഖവിലക്കെടുത്തില്ല.
അപസ്മാര രോഗത്തിനുള്ള മരുന്നുകളാണെന്നും 2002 മുതല്‍ ദിനേ രണ്ടു ഗുളികകള്‍ വീതം ഉപയോഗിക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്നിന്റെ അംശം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സഊദി നിരോധിച്ച മരുന്നുകളില്‍ പെട്ടവയാണിത്. മാത്രമല്ല, ഒരു വര്‍ഷത്തേക്കുള്ള മരുന്നുകള്‍ ഒരുമിച്ചു കൊണ്ടുവന്നതും കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചിരുന്നു. ഇരുവരുടെയും മോചനത്തിനായി കോണ്‍സുലേറ്റിനെ സമീപിച്ചു സഹായം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് മോചനം സാധ്യമായത്. സഊദിയില്‍ നിരവധി മരുന്നുകള്‍ ഇത്തരത്തില്‍ നിരോധിച്ചിട്ടുണ്ട്. ഇതറിയാതെ കൊണ്ടുവരുന്നവര്‍ നേരത്തെയും പിടിക്കപ്പെട്ടിട്ടുണ്ട്. സഊദിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇവ നിരോധന പട്ടികയില്‍ ഉള്‍പ്പെട്ടതാണോയെന്നു പരിശോധിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."