ആരേയും കൂസാത്ത ശേഷന്‍
തെരഞ്ഞെടുപ്പ് നിലനില്‍ക്കുന്നത്രയും കാലം ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ നിനില്‍ക്കും ടി.എന്‍ ശേഷന്‍ എന്ന ഒറ്റയാന്റെ നാമം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വളരെ വ്യക്തമായൊരു സ്വരം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. കമ്മീഷന്റെ കരുത്തും അധികാരവും എന്തെന്ന് ഇന്ത്യക്ക് മനസ്സിലാക്കിക്കൊടുത്തയാള്‍. ബ്യൂറോക്രാറ്റുകളുടെ കടുംപിടിത്ത നിലപാടുകളെ സൂചിപ്പിക്കാന്‍ 'ശേഷനിസം' എന്ന പദംതന്നെയുണ്ടായിരുന്നു. മര്‍ക്കടമുഷ്ടിക്കാരായ രാഷ്ടീയക്കാരെ പോലും ദൈവമേ എന്നു വിളിപ്പിച്ചിട്ടുണ്ട് ഈ മനുഷനെന്ന് പങ്കുവെക്കുന്നു മറ്റൊരു മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറൈശി.
'അദ്ദേഹത്തിന്റെ പിന്‍ഗാമികളെല്ലാരും അദ്ദേഹത്തിന്റെ പ്രഭാവത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലിരിക്കെ ശേഷന്‍ എന്നൊരു താരതമ്യം ഞങ്ങള്‍ക്കോരോരുത്തര്‍ക്കു മുന്നിലും ഒരു വെല്ലുവിളിയായി ഉണ്ടായിരുന്നു. അത്രക്കേറെയായിരുന്നു ജനമനസ്സുകളില്‍ അദ്ദേഹത്തിന്റെ സ്ഥാനം. ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷര്‍ എന്നു പറയുമ്പോള്‍ ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ പോലും ശേഷന്‍ എന്നൊരു ഓര്‍മ നിറയും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്റെ അധികാരക്കാലത്ത് ഏതൊരു മര്‍ക്കടമുഷ്ടിക്കാരനായ രാഷ്ട്രീയ നേതാവിന്റെ ഉള്ളിലും അദ്ദേഹം ദൈവഭയം ജനിപ്പിച്ചു. എല്ലാവരും അദ്ദേഹത്തെ ആദരിച്ചു'- ഖുറൈശി പറയുന്നു.
പെരുമാറ്റച്ചട്ട ലംഘന നടപടികള്‍ മുതല്‍ മിന്നല്‍ പരിശോധന വരെ; കമ്മീഷന് കരുത്ത് പകര്‍ന്ന പരിഷ്‌കാരങ്ങള്‍
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കമ്മീഷന്റെ സ്ഥാനമെന്തെന്ന് രാജ്യത്തെ മനസ്സിലാക്കിക്കൊടുത്ത കമ്മീഷണറായിരുന്നു ശേഷന്‍. തെരഞ്ഞെടുപ്പുകളെ പണം ഉപയോഗിച്ച് അട്ടമറിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ത്ത ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു തിരുനെല്ലായി നാരായണയ്യര്‍ ശേഷന്‍ എന്ന മലയാളി.
പെരുമാറ്റചട്ട ലംഘനത്തിനെതിരെ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച അദ്ദേഹം മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായും നടപ്പിലാക്കിതുടങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. തെരഞ്ഞെടുപ്പുകാലത്തെ ചുമരെഴുത്തുകള്‍ക്ക് ശേഷന്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതിലുമേറെ തുക പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നതും നിയന്ത്രിച്ചു.
വോട്ടര്‍മാര്‍ക്ക് ചിത്രമടങ്ങിയ തിരിച്ചറില്‍ കാര്‍ഡ് എന്നത് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരമാണ്. ബൂത്ത് പിടിത്തവും കള്ളവോട്ടും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും തടയാന്‍ അദേഹം നടത്തിയ ചുവടുവെപ്പുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംശുദ്ധമായ തെരഞ്ഞെടുപ്പിനാണ് വഴിയൊരുക്കിയത്. ഈ കര്‍ക്കശമായ നിലപാടുകള്‍ അദ്ദേഹത്തിന് ഒരു പേരും ചാര്‍ത്തിക്കൊടുത്തു. 'നിര്‍വാചന്‍ സദ'നിലെ 'അല്‍സേഷ്യന്‍'.
ശേഷനെ നിയന്ത്രിക്കാന്‍ ഭരണഘടനാഭേദഗതി കൊണ്ടുവരാന്‍പോലും നരസിംഹ റാവു സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 1996 ഡിസംബര്‍ 11ന് അദ്ദേഹം പദവി ഒഴിയുമ്പോള്‍, രാജ്യമൊട്ടുക്കും വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയിരുന്നു.
കമ്മീഷണറിലേക്കുള്ള വഴി
കേന്ദ്രസര്‍ക്കാരിന്റെ പല ഉയര്‍ന്ന പദവികളും വഹിച്ചു. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോര്‍ജ മന്ത്രാലയത്തിന്റെ ഡയറക്ടര്‍, ബഹിരാകാശ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. തമിഴ്‌നാട്ടില്‍ തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായി. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തി.
തുടര്‍ന്ന്, ഒ.എന്‍.ജി.സി. കമ്മിഷനംഗം, ബഹിരാകാശമന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി, പരിസ്ഥിതിവനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പരിസ്ഥിതിമന്ത്രാലയത്തില്‍ അദ്ദേഹം തെഹ്രി അണക്കെട്ടിനും നര്‍മദയിലെ സര്‍ദാര്‍സരോവര്‍ അണക്കെട്ടിനും അനുമതിനിഷേധിച്ചു. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളില്‍ ചില മാറ്റങ്ങള്‍ വരുത്തി.
രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധമന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തരസുരക്ഷാ സെക്രട്ടറി, ഇന്ത്യന്‍ കാബിനറ്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനുമുന്‍പ് അദ്ദേഹം ആസൂത്രണകമ്മിഷന്‍ അംഗമായിരുന്നു.
ആസൂത്രണ കമ്മിഷനിലെ അപ്രധാനമായൊരു തസ്തികയിലിരിക്കെ 1990ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ കാലത്താണ് ശേഷന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയിലെത്തുന്നത്. സുഹൃത്തും അന്നത്തെ നിയമമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു വഴിയൊരുക്കിയത്.
കടുംപിടുത്തക്കാരന്‍
രാജീവ്ഗാന്ധിയുടെ അടുപ്പക്കാരനായതിനാല്‍ വി.പി.സിങ് സര്‍ക്കാര്‍ നല്‍കിയ ശിക്ഷയായാണ് അത്രയുംകാലം അപ്രധാനമായ തസ്തികയിലിരുത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. 1990 ഡിസംബര്‍ 12ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റ് ആഴ്ചകള്‍ക്കകം തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസ് ഫയലുകള്‍ പരിശോധിക്കുകയും നടപടിക്കു തയ്യാറാവുകയും ചെയ്തു.
രാജീവ് ഗാന്ധിയുടെ മരണശേഷം നടന്ന 1991ലെ പൊതുതെരഞ്ഞെടുപ്പാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെന്ന നിലയില്‍ വിശ്വരൂപം കാട്ടാന്‍ അദ്ദേഹത്തിന് അവസരമൊരുക്കിയത്. ചുമരെഴുത്തുകള്‍ കര്‍ശനമായി തടയുകയാണ് ആദ്യം ചെയ്തത്. പ്രചാരണത്തിനായി അനുവദിക്കപ്പെട്ടതിലും കൂടുതല്‍ തുക സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ അദ്ദേഹം ഓരോ മണ്ഡലങ്ങളിലേക്കും നിരീക്ഷകരെ അയച്ചു. ബാഡ്ജ് മുതല്‍ തിരഞ്ഞെടുപ്പു വാഹനത്തിലുപയോഗിച്ച പെട്രോളിനു ചെലവിട്ട കണക്കുവരെ സ്ഥാനാര്‍ഥികള്‍ സൂക്ഷിക്കേണ്ടി വന്നു. ചെലവു സമര്‍പ്പിക്കാത്ത 1488 സ്ഥാനാര്‍ഥികളെ മൂന്നുവര്‍ഷത്തേക്കു മത്സരിക്കുന്നതില്‍നിന്നു വിലക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ആറുവര്‍ഷം തെറ്റായ സ്വത്തുവിവരം നല്‍കിയതിന് നാല്‍പ്പതിനായിരത്തിലധികം സ്ഥാനാര്‍ഥികള്‍ക്കെതിരേ ശേഷന്‍ കേസെടുത്തു. 14,000 പേരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കി.പത്തുമണിക്ക് അവസാനിപ്പിക്കാത്ത തെരഞ്ഞെടുപ്പ് യോഗങ്ങള്‍ പൊലിസിന്റെ സഹായത്തോടെ പിരിച്ചുവിട്ടു.
തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ദേശം പല രാഷ്ട്രീയകക്ഷികളും എതിര്‍ത്തു. സര്‍ക്കാര്‍ തീരുമാനത്തിനായി ഒന്നരവര്‍ഷം ശേഷന്‍ കാത്തിരുന്നു. ഒന്നും നടന്നില്ല. ഒടുവില്‍ 1995 ജനുവരി ഒന്നിനുള്ളില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയില്ലെങ്കില്‍ പിന്നീട് രാജ്യത്ത് ഒരു തെരഞ്ഞെടുപ്പും നടക്കില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. ഇതോടെ സര്‍ക്കാര്‍ വെട്ടിലായി. തുടര്‍ന്ന് കോടതിയെ സമീപിച്ചു. സുപ്രിംകോടതി ശേഷന്റെ നടപടിക്കെതിരായി വിധി പറഞ്ഞെങ്കിലും 1996 മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് സര്‍ക്കാര്‍ തയ്യാറായി.
തനിക്ക് ഉന്നതപദവി നല്‍കിയ സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലും വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല. ആരെയും കൂസാത്ത പ്രകൃതം കൊണ്ടുതന്നെ ഒരുപാട് ശത്രുക്കളെ അദ്ദേഹം സമ്പാദിച്ചു.
തിരുനെല്ലായി നാരായണ അയ്യര്‍ ശേഷന്‍ 1955 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐ.എ.എസ്. ഓഫീസറാണ്. 1996ല്‍ രമണ്‍ മഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹനായി. അക്കൊല്ലം രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്ന കെ.ആര്‍. നാരായണനെതിരേ മത്സരിച്ചു. ശിവസേനയുടെ പിന്തുണയോടെ ഗോദയിലിറങ്ങിയ അദ്ദേഹം പക്ഷേ, തോറ്റു.
ഭാര്യ ജയലക്ഷ്മി കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അന്തരിച്ചു. ഇവര്‍ക്കു മക്കളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."