സമ്പൂര്‍ണ്ണ വൈദ്യുതീകരണം അടുത്തമാസം നാലിന് ജില്ലയില്‍ സര്‍വേ നടത്തും
കണ്ണൂര്‍: ജില്ലയെ മാര്‍ച്ച് മൂന്നോടെ സമ്പൂര്‍ണ വൈദ്യുതീകരിച്ച ജില്ലയാക്കി മാറ്റുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഗ്രാമപഞ്ചായത്ത്, നിയമസഭാ മണ്ഡലം, ജില്ലാതലങ്ങളില്‍ വിപുലമായ ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കും. സപ്തംബര്‍ നാലിന് ഒറ്റ ദിവസം കൊണ്ട് ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കാത്ത വീടുകള്‍ കണ്ടെത്താനുളള സര്‍വേ നടത്തും. കഴിഞ്ഞ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 2.5 ലക്ഷം വീടുകളാണ് വൈദ്യുതീകരിക്കാത്തതായി ഉളളത്. പഞ്ചായത്ത് നഗരസഭാ തലത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയായിരിക്കും സര്‍വേ. അടുത്ത മാര്‍ച്ച് 15 ന് കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയുടെ ചുമതലയുളള മന്ത്രി ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കും. നിയമസഭാ മണ്ഡലം തലത്തില്‍ എം.എല്‍.എമാരും പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റുമാരും ചെയര്‍മാനായി രൂപീകരിക്കുന്ന കമ്മിറ്റികളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, കുടുംബശ്രീ, എന്‍.എസ്.എസ്, വ്യാപാരികള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. 16 നകം മണ്ഡലം തലയോഗങ്ങള്‍ പൂര്‍ത്തിയാക്കും. 26 നകം പഞ്ചായത്ത് തല യോഗങ്ങളും നടക്കും. തുടര്‍ന്നായിരിക്കും സര്‍വേ നടത്തുക. ഗുണഭോക്താക്കളുടെ അന്തിമ കരട് പട്ടിക 20ന് പ്രസിദ്ധീകരിക്കും. കെ എസ് ഇ ബി ഡയറക്ടര്‍ ഡോ.വി ശിവദാസന്‍, എം എല്‍ എ മാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, എ ഡി എം മുഹമ്മദ് യൂസഫ്, മറ്റ് ജനപ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."