കോണ്‍സ്റ്റബിള്‍ പരീക്ഷാ റാങ്ക് പട്ടിക: മൂന്നുപേരെ ഒഴിവാക്കി നിയമനത്തിന് പി.എസ്.സി, പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ റാങ്ക് പട്ടികയില്‍ നിന്ന് മൂന്നുപേരെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ടുപോകാന്‍ പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളായ മൂന്നുപേരെ ഒഴിവാക്കിയാണ് നിയമനവുമായി മുന്നോട്ട് പോകാന്‍ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. അതേ സമയം പി.എസ്.സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇവ കൈവശം വയ്ക്കുന്ന ഉദ്യോഗാര്‍ഥികളെ അയോഗ്യരാക്കാന്‍ പി.എസ്.സി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, സ്റ്റേഷനറി വസ്തുക്കള്‍, വാച്ച്, പേഴ്‌സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ കര്‍ശനമായി നിരോധിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്.
പി.എസ്.സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നുപേരെ ഒഴിവാക്കി മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പി.എസ്.സി സെക്രട്ടറിക്ക് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയാണ് ഇക്കാര്യം വ്യക്തമാക്കി കത്ത് നല്‍കിയിരുന്നത്. ശിവരഞ്ജിത്ത്,നസീം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇവരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ല. അതിനാല്‍ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗം ചര്‍ച്ച ചെയ്തശേഷമാണ് തീരുമാനം കൈകൊണ്ടത്.
പരീക്ഷാ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഈ ലിസ്റ്റ് റദ്ദാക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയെയും പി.എസ്.സി ചെയര്‍മാനെയും മറ്റ് ഉദ്യോഗാര്‍ഥികള്‍ കണ്ടിരുന്നു. ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിക്കുകയും ചെയ്തു. ടോമിന്‍ ജെ. തച്ചങ്കരി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേസ് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ബാക്കിയുള്ളവര്‍ക്കെല്ലാം തന്നെ ഒരാഴ്ചക്കുള്ളില്‍ നിയമന ശുപാര്‍ശ അയക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. പ്രതികള്‍ ഉള്‍പ്പെട്ടിരുന്ന കാസര്‍കോട് ആംഡ് പൊലിസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയിന്‍ റാങ്ക് പട്ടിക നാല് മാസമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. മൂന്ന് പ്രതികളൊഴികെ മറ്റാരും പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നിയമനവുമായി പി.എസ്.സി മുന്നോട്ട് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."