കവര്‍ച്ച ചെയ്ത വാഹനങ്ങള്‍ കണ്ടെടുത്തു
കാഞ്ഞങ്ങാട്: വടകരയില്‍ നിന്നു കാര്‍ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് വടകരമുക്കിലെ മര്‍സൂര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷംസീറിനെ (21)പൊലിസ് അറസ്റ്റ് ചെയ്തതോടെ കേരള-കര്‍ണാടക കേന്ദ്രീകരിച്ചു നടന്ന വാഹന മോഷണത്തെക്കുറിച്ചു കൂടുതല്‍ വിവരം ലഭിച്ചു.
മാണിക്കോത്ത് ദീപം മോട്ടോര്‍സില്‍ നിന്നു വാഗണറും മഡിയനിലെ ജീവന്‍ മോട്ടോര്‍സില്‍ നിന്നു സ്‌കോര്‍പിയോയും കവര്‍ന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
പയ്യന്നൂരില്‍ നിന്നു കവര്‍ന്ന ഇന്നോവയുമായി കാഞ്ഞങ്ങാട്ടേക്കു പോകുന്നതിനിടയില്‍ രഹസ്യ വിവരം ലഭിച്ച പൊലിസ് ദേശീയപാതയില്‍ പരിശോധന ശക്തമാക്കിയപ്പോള്‍ തീരദേശ റോഡു വഴി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഹൊസ്ദുര്‍ഗ് കടപ്പുറത്ത് അപകടത്തില്‍പെട്ടു. ഇന്നോവ റോഡരികിലെ മതിലിലിടിക്കുകയായിരുന്നു. ഇന്നോവയിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ഇട്ടമ്മല്‍ സ്വദേശി, കുശാല്‍നഗര്‍ സ്വദേശി എന്നിവര്‍ക്ക് ഈ സംഭവവുമായി ബന്ധമില്ലെങ്കിലും മറ്റു ചില കേസുകളുമായി ബന്ധമുണ്ടെന്നു പൊലിസ് പറഞ്ഞു.
സംഘത്തിലുണ്ടായിരുന്നവര്‍ മംഗളൂരു, കുടക് നാപ്പോക്ക് എന്നിവിടങ്ങളില്‍ നിന്നു കവര്‍ന്ന വാഹനങ്ങളും ഷംസീറിന്റെ അറസ്റ്റോടെ കണ്ടെത്താന്‍ കഴിഞ്ഞു.
നാപ്പോക്കില്‍ നിന്നു മാരുതി കാറും മംഗളൂരു റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നു ബൈക്കുമാണു കവര്‍ന്നത്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്റെ നിര്‍ദേശത്തെ തുടര്‍ന്നു ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ സുനില്‍കുമാര്‍, എസ്.ഐ എ. സന്തോഷ്‌കുമാര്‍, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ വി.കെ സുരേഷ്, അബൂബക്കര്‍ കല്ലായി, വി.കെ പ്രശാന്ത്, മനോജ് കൊട്രച്ചാല്‍ എന്നിവരാണു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."