കെ.എം ബഷീറിന്റെ മരണകാരണങ്ങളെക്കുറിച്ച് ഇപ്പോഴും ഒളിച്ചുകളിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍
തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ച് ഇപ്പോഴും സര്‍ക്കാരിന്റ പക്കല്‍ കൃത്യമായ ഉത്തരമില്ല. ഇതുസംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് അവ്യക്തതകള്‍ നിലനില്‍ക്കുന്ന തരത്തില്‍ ഗതാഗത മന്ത്രി തന്നെ മറുപടി നല്‍കിയത്. എന്നാല്‍ പ്രധാനമായ ചോദ്യത്തിനോ മന്ത്രിയുടെ പക്കല്‍ ഉത്തരവുമില്ല.
ബഷീറിന്റെ മരണത്തിനിടയായ അപകടമുണ്ടാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ സമ്മതിച്ചു. എന്നാല്‍ ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി ഉത്തരം പറയുന്നില്ല. ഇക്കാര്യത്തിലുള്ള അവ്യക്തതയാണിപ്പോഴും തുടരുന്നത്.
സംഭവ ശേഷം നടന്ന കാര്യങ്ങള്‍ ഏറെ വിവാദമായിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്ത പരിശോധനയ്ക്ക് പൊലിസ് വിധേയമാക്കിയിരുന്നില്ല. ഇത് വിവാദമായതോടെ, ഒമ്പതു മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിള്‍ പൊലിസ് ശേഖരിക്കുന്നത്. ഇതിനിടെ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ കുറിച്ചിട്ടും അത് വകവെയ്ക്കാതെയാണ് പൊലിസ് രക്തസാംപിളെടുക്കാതെ, സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടാന്‍ സാവകാശം നല്‍കിയത്.
ശ്രീറാമിനെ സഹായിക്കാന്‍ ഉന്നത പൊലീസ്-ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടെയാണ് ഇപ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നത്.
സര്‍വിസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ശ്രീറാമിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചായിരുന്നു ശ്രീറാം നല്‍കിയ മറുപടി. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീറാമിന്റെ വിശദീകരണം. മാത്രമല്ല വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാക്കണമെന്നും മറുപടിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."