കീഴ്‌ക്കോടതി നടപടികളുടെ ഭാഷ മലയാളമാകുന്നു, നടപടികള്‍ക്ക് വേഗം കൂട്ടുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ കീഴ്‌ക്കോടതി നടപടികളുടെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നു. കാലങ്ങളായി വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന മുറവിളികള്‍ക്കൊടുവിലാണ് ഇ്ത്തരത്തിലൊരു തീരുമാനം കൈകൊള്ളാന്‍ അധികൃതര്‍ ആലോചിക്കുകയും തുടര്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തത്. നേരത്തെ പി.എസ്.സി പരീക്ഷകളില്‍ ചോദ്യങ്ങള്‍ മലയാളത്തിലാക്കണമെന്ന ആവശ്യമുയര്‍ത്തി ഭാഷാ സ്‌നേഹികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ദിവസങ്ങളോളം നീണ്ട നിരാഹാര സമരത്തിന് സമാപനം കുറിക്കുമ്പോള്‍ സമരക്കാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ കീഴ്‌ക്കോടതികളുടെ ഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്.
ജുഡീഷ്യല്‍ അക്കാദമിയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടിയും സംഘടിപ്പിക്കും. കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 'നിയമധ്വനി' എന്ന പേരില്‍ നിയമപ്രസിദ്ധീകരണത്തിനും നിയമവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. നിയമപദങ്ങളുടെ പദകോശവും നിയമവകുപ്പ് തയാറാക്കിയിട്ടുണ്ട്. നിയമങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ആരംഭിക്കുവാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
യോഗത്തില്‍ നിയമമന്ത്രി എ.കെ. ബാലന്‍, ധനമന്ത്രി തോമസ് ഐസക്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍, നിയമ സെക്രട്ടറി അരവിന്ദ ബാബു, ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."