കോര്‍പറേഷന്‍ യോഗം; ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് അര്‍ഹരായവര്‍ പുറത്തെന്ന് ആക്ഷേപം
കണ്ണൂര്‍: ലൈഫ്മിഷന്‍ പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുന്നതിനുള്ള മാനദണ്ഡങ്ങളെചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം.
സ്വന്തമായി റേഷന്‍ കാര്‍ഡുള്ളവരെ മാത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുന്നതു കാരണം അര്‍ഹതയുള്ള നിരവധിപേര്‍ പട്ടികയില്‍ നിന്നു പുറത്താകുമെന്നും പദ്ധതി വെറും പ്രഹസനം മാത്രമാണെന്നും വിമര്‍ശനമുയര്‍ന്നു. ലൈഫ്മിഷന്‍ പദ്ധതിയുടെ കരട് പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി സൂക്ഷ്മ പരിശോധനാ, അപ്പീല്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ലൈഫ്മിഷന്‍ എക്‌സിക്യൂട്ടീവ് ഓഫിസറുടെ കത്ത് അജണ്ടയായി വന്നപ്പോഴായിരുന്നു വിമര്‍ശനം. പദ്ധതിയിലേക്കു ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു കുടുംബശ്രീ നടത്തിയ സര്‍വേ സമ്പൂര്‍ണമായിരുന്നില്ലെന്നും കോര്‍പറേഷനില്‍ കുടുംബശ്രീ യൂനിറ്റുകളില്ലാത്ത ഇടങ്ങളില്‍ സര്‍വേ നടന്നിട്ടില്ലെന്നും കൗണ്‍സിലര്‍ സി. എറമുള്ളാന്‍ ആരോപിച്ചു. ലൈഫ്മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യതയില്ലെന്നു കാണിച്ച് കരട് പുറത്തുവരുന്നതിനു മുന്‍പ് തന്നെ നിരവധി പേരെ ഒഴിവാക്കിയതിനെതിരേയും വിര്‍മശനമുണ്ടായി.
പദ്ധതിയില്‍ അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനു സര്‍ക്കാരിനെ സമീപിക്കണമെന്നു ചില കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടുവെങ്കിലും ഭരണപക്ഷം ഇതിനു തയാറായില്ല. സൂക്ഷ്മ പരിശോധനയ്ക്കായി മേയര്‍ ചെയര്‍മാനും ഡെപ്യൂട്ടി സെക്രട്ടറി കണ്‍വീനറും ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനും കൗണ്‍സിലര്‍ എം. ഷഫീഖും അംഗമായ കമ്മിറ്റി രൂപീകരിച്ചതും യോഗം അംഗീകരിച്ചു. ഭവന പദ്ധതികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി 31 വരെ നീട്ടി. അപേക്ഷകരുടെ ലിസ്റ്റ് സംബന്ധിച്ച പരിശോധന ഓഗസ്റ്റ് അഞ്ചുവരെയായിരിക്കും.
പയ്യാമ്പലം ബീച്ചില്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച സീവാളിനു സമീപത്തായി കഫ്റ്റീരിയ നിര്‍മിക്കുന്നതിനുള്ള ഡി.ടി.പി.സി അപേക്ഷയും അംഗീകരിച്ചു. പെട്ടെന്നു തീരുമാനമെടുക്കേണ്ടെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വാദം ഉന്നയിച്ചെങ്കിലും അനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."