മഹാരാഷ്ട്ര; ശിവസേനയെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കും
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണ. പിന്തുണ പ്രഖ്യാപിച്ച് ഇരു നേതൃത്വവും ഗവര്‍ണര്‍ക്ക് ഫാക്സ് അയച്ചു. പിന്തുണയുടെ കാര്യത്തില്‍ ഉറപ്പുലഭിച്ചതിന് ശേഷം ശിവസേനാ സംഘം രാജ്ഭവനിലേക്ക് പുറപ്പെട്ടു.
പൊതുമിനിമം പരിപാടി മുന്നോട്ട് വെക്കാന്‍ ശിവസേനയോട് കോണ്‍ഗ്രസ് ആവശ്യപ്പെടും. നേരത്തെ മഹാരാഷ്ട്രയിലെ നേതാക്കള്‍ ഭരണത്തില്‍ പങ്കാളികളാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ പങ്കാളികളാകേണ്ട എന്ന തീരുമാനത്തിലാണ് അവസാനം എത്തിയത്. ഇതോടെ പുറത്ത് നിന്ന് പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭയില്‍ പങ്കാളികളാവില്ലെങ്കിലും നിയമസഭ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍.
ഉദ്ദവ് താക്കറെയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഫോണില്‍ വിളിച്ചു സംസാരിച്ചു. ആദിത്യക്ക് പകരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നായിരുന്നു എന്‍.സി.പി നിലപാട്, അതല്ലെങ്കില്‍ മറ്റ് മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് എന്‍.സി.പി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടികള്‍ തമ്മിലുണ്ടായ അന്തിമതീരുമാനം പുറത്തുവിട്ടിട്ടില്ല.
ശിവസേനയ്ക്ക് പിന്തുണ നല്‍കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് രണ്ടുതവണ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വികാരമാണ് ഒടുവില്‍ പിന്തുണ കത്ത് ഫാക്‌സ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
ശിവസേനയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളാകണമെന്ന് കോണ്‍ഗ്രസിലെ പകുതിയോളം എം.എല്‍.എമാര്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയ്പൂര്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരിലെ പകുതിയോളം പേരാണ് ഈ ആവശ്യം ഉന്നയിച്ചത്. മറ്റ് എം.എല്‍.എമാര്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് കൂട്ടരും വിഷയത്തില്‍ നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനോട് എം.എല്‍.എമാര്‍ ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."