ട്രിവാന്‍ഡ്രം മാരത്തോണ്‍ 2018 ഡിസംബര്‍ ഒന്നിന്
തിരുവനന്തപുരം: 'റണ്‍ ഫോര്‍ റീ ബില്‍ഡ് കേരള' എന്ന സന്ദേശവുമായി ഡിസംബര്‍ ഒന്നിന് ട്രിവാന്‍ഡ്രം മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. സ്‌പോര്‍ട്‌സ് കേരളാ ട്രിവാന്‍ഡ്രം മാരത്തണ്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും മത്സരം സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് മഹത്തായ കായിക സംസ്‌കാരം സൃഷ്ടിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'റണ്‍ ഫോര്‍ റീ ബില്‍ഡ് കേരള' എന്നതാണ് 2018 ലെ മാരത്തണിന്റെ മുദ്രാവാക്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനശേഖരണത്തിനാണ് രജിസ്‌ട്രേഷന്‍ ഫീസ് ഉപയോഗിക്കുക. കേരള പുനനിര്‍മാണം എന്ന ലക്ഷ്യത്തിനായി കായിക വകുപ്പ് മറ്റിതര സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്. മാരത്തണ്‍ നടത്തിപ്പില്‍ കായിക വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ട്രിവാന്‍ഡ്രം റണ്ണേഴ്‌സ് ക്ലബ് എന്ന സംഘടനയെ തെരഞ്ഞെടുത്തിട്ടുണ്ട്.
വരും വര്‍ഷങ്ങളില്‍ വാര്‍ഷിക കായിക കലണ്ടറിലെ ഒരു പ്രധാന ഇനമാക്കി ഇതിനെ മാറ്റും. നാല് ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഫാമിലി ഫണ്‍ റണ്‍ ആദ്യം നടക്കും. ഇത് മത്സര ഇനമല്ല. ഫാമിലി ഫണ്‍ റണ്‍ രാത്രി 8 ന് ഫ്‌ളാഗ് ഓഫ് ചെയ്യും. 10,000 പേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരത്തോണ്‍ മത്സരം മൂന്ന് ദൂരവിഭാഗങ്ങളിലായി നടത്തും. 10 കിലോ മീറ്റര്‍ റോഡ് റേയ്‌സ്, 21.09 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 42.19 കിലോമീറ്റര്‍ ഫുള്‍ മാരത്തോണ്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍. രാത്രി 12ന് മാനവീയം റോഡില്‍ നിന്നാരംഭിച്ച് മാനവീയം റോഡില്‍ സമാപിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ഫാമിലി ഫണ്‍ റണ്‍-500 രൂപ, 10 കിലോമീറ്റര്‍ റണ്‍-600 രൂപ, ഒന്‍പത് കിലോമീറ്റര്‍-800 രൂപ, 19 കിലോമീറ്റര്‍ -1,000 രൂപ എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ നിരക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഓരോ ഇനത്തിനും നിശ്ചയിച്ചിരിക്കുന്ന തുകയോ അതില്‍ കൂടുതലോ അടയ്ക്കാം.
ഓഗസ്റ്റ് 15 ന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രസീത് ഹാജരാക്കിയാല്‍ മതിയാകും. ഫുള്‍ മാരത്തോണില്‍ വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ഹാഫ് മാരത്തോണില്‍ വിജയികളാകുന്നവര്‍ക്ക് 5000 രൂപയും 10 കിലോമീറ്റര്‍ റണ്ണില്‍ വിജയികളാകുന്നവര്‍ക്ക് 20,000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും. വിജയികള്‍ക്ക് മെഡലുകളും നല്‍കും. ഇത് വരെ 3000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
'ട്രിവാന്‍ഡ്രം മാരത്തോണി'ന്റെ ലോഗോയും ടീസറും മന്ത്രി പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ കായിക സെക്രട്ടറി ഡോ. എ. ജയതിലക്, കായികയുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."