ഇനി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് ചര്‍ച്ച ചെയ്യാം
2017 ഏപ്രില്‍ 17ന് ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഒരു അസാധാരണ ഉത്തരവിറക്കി. കേസില്‍ ദിവസവും വാദം കേട്ട് രണ്ടുവര്‍ഷത്തിനുള്ള വിധി പറയണമെന്ന് ലഖ്‌നോ സെഷന്‍സ് കോടതിക്കുള്ള നിര്‍ദേശമായിരുന്നു ആ ഉത്തരവ്. പരമോന്നത കോടതിയുടെ ഉത്തരവുപ്രകാരം, കേസില്‍ വാദം കേട്ട് വിധിപറയുന്നതുവരെ ജഡ്ജിയെ മാറ്റരുതെന്നായിരുന്നു സുപ്രധാന നിര്‍ദേശം. വിചാരണ നടത്താന്‍ സെഷന്‍സ് കോടതിക്ക് പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ വിചാരണ മാറ്റിവയ്ക്കാന്‍ പാടുള്ളൂ. കൂടാതെ ഒരു സാക്ഷിയുടെയും അഭാവത്തില്‍ ഈ കേസ് മാറ്റിവയ്ക്കപ്പെടാതിരിക്കാന്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസം ഹാജരാകുന്നുണ്ടെന്ന് സി.ബി.ഐ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ബാബരി മസ്ജിദ് പൊളിച്ചത് വെറുമൊരു മതപരമായ കെട്ടിടം പൊളിച്ചു മാറ്റുകയായിരുന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ ഭരണഘടനയുടെ മേലുള്ള, ഇന്ത്യയെന്ന ഭാവനയുടെ മേലുള്ള നേരിട്ടുള്ള ഒരു കടന്നാക്രമണമായിരുന്നു അതെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. സമയനിഷ്ഠയോടെ വാദം പൂര്‍ത്തിയാക്കി വിധി പറഞ്ഞ ഈ കേസിന്റെ വിവിധ ഘട്ടങ്ങളില്‍ സുപ്രിംകോടതി അക്കാര്യം പരോക്ഷമായി പരാമര്‍ശിക്കുന്നുണ്ട്. 'ബാബരി മസ്ജിദ് തകര്‍ത്തത് കുറ്റകരമാണ്, ഇന്ത്യയുടെ മതേതരനിര്‍മിതിക്കേറ്റ കനത്ത പ്രഹരമായിരുന്നു അത്.
നിലവിലെ കേസില്‍, ഇന്ത്യയുടെ മതേതരനിര്‍മിതി പൊളിച്ചടക്കപ്പെട്ടത് 25 വര്‍ഷം മുന്‍പാണ്. പി.സി ഘോഷും ആര്‍.എഫ് നരിമാനും അടങ്ങിയ ബെഞ്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നത് അങ്ങനെയാണ്. സുപ്രിംകോടതിയുടെ 2017 എപ്രില്‍ ഉത്തരവില്‍ പറയുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യം, അദ്വാനിക്കും കേസ് നമ്പര്‍ 198ല്‍ ഉള്‍പ്പെട്ട കുറ്റാരോപിതരായ മറ്റു 20 പേര്‍ക്കും എതിരേ ബാബരി മസ്ജിദ് പൊളിക്കാന്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചാര്‍ത്തണമെന്നാണ്. അത് അലഹാബാദ് കോടതിയുടെ വിധിക്ക് നേര്‍വിപരീതമായിരുന്നു. അലഹാബാദ് കോടതി ഇവര്‍ക്കെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം എടുത്തുകളഞ്ഞിരുന്നു. 2001ല്‍ സി.ബി.ഐ കോടതി അദ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരേയുള്ള ഗൂഢാലോചനാ കുറ്റം എടുത്തുകളഞ്ഞത് അലഹാബാദ് കോടതി 2010ല്‍ ശരിവയ്ക്കുകയായിരുന്നു. ചില സാങ്കേതിക കാരണങ്ങളാണ് കോടതി ഇതിനായി കണ്ടെത്തിയതെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വി. വെങ്കിടേശനും വിദ്യ സുബ്രഹ്മണ്യവും വ്യക്തമാക്കുന്നത്.
ക്രിമിനല്‍ നടപടിയുടെ ആരംഭം
ബാബരി മസ്ജിദ് പൊളിച്ചതിനെത്തുടര്‍ന്ന് രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആര്‍-196, എഫ്.ഐ.ആര്‍-198. മസ്ജിദ് തകര്‍ത്ത ഉടനടി അയോധ്യ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ആണ് 197. അതു ലക്ഷങ്ങള്‍ വരുന്ന അജ്ഞാതരായ കര്‍സേവകര്‍ക്കെതിരേയായിരുന്നു. മറ്റൊരു എഫ്.ഐ.ആര്‍ ആയ 198ല്‍ നിരവധി പേരുകള്‍ ഉണ്ടായിരുന്നു. ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, മഹന്ത് അവൈദ്യനാഥ്, വിശ്വഹിന്ദു പരിഷതിന്റെ വിഷ്ണു ഹരി ഡാല്‍മിയ, അശോക് സിംഗാള്‍ എന്നിവര്‍ക്കെതിരേ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി പള്ളി പൊളിക്കാന്‍ ഇടയാക്കി എന്നു ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍. എന്നാല്‍ ആദ്യത്തെ എഫ്.ഐ.ആറില്‍നിന്ന് വ്യത്യസ്തമായി, രണ്ടാമത്തേത്തില്‍ ഗൂഢാലോചന കുറ്റം ഉണ്ടായിരുന്നില്ല. ഇതുകൂടാതെ പൊലിസ് സ്വമേധയ രജിസ്റ്റര്‍ ചെയ്ത 46 എഫ്.ഐ.ആറുകളും ഒരു നോണ്‍കോഗ്‌നിസിബല്‍ എഫ്.ഐ.ആറും ആണ് ആകെ രജിസ്റ്റര്‍ ചെയ്തത്.
1993 ഒക്ടോബര്‍ അഞ്ചിന് 40 പേര്‍ക്കെതിരേ സി.ബി.ഐ കുറ്റംപുത്രം സമര്‍പ്പിച്ചു. അതില്‍ പലരും ബി.ജെ.പി, വി.എച്ച്.പി, ശിവസേന, ബജ്‌റംഗ്ദള്‍ എന്നിവയുടെ പ്രമുഖ നേതാക്കളായിരുന്നു. പക്ഷെ ചില ഹിന്ദുത്വ നേതാക്കന്മാരുടെ പേരുകള്‍ ഗൂഢാലോചനാ കുറ്റക്കത്തില്‍നിന്ന് സാങ്കേതികത്വത്തിന്റെ കാരണം പറഞ്ഞ് മനഃപൂര്‍വം ഒഴിവാക്കപ്പെട്ടു. 25 വര്‍ഷങ്ങള്‍ക്കു ശേഷം 2017 ഏപ്രിലില്‍ മാത്രമാണ് കീഴ്‌കോടതിയില്‍ തള്ളിക്കളഞ്ഞ ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ സുപ്രിംകോടതിക്കായത്. പരമോന്നത കോടതിയുടെ പരാമര്‍ശങ്ങളില്‍നിന്ന് ഒരു കാര്യം നിശ്ചയമാണ്, ഇതു നീതി വൈകിക്കലായിരുന്നു, അത് ഈ രാജ്യത്തെ പൊതുവെ ഇഴഞ്ഞുനീങ്ങുന്ന നീതിനിര്‍വഹണത്തിന്റെ കാര്യം മാത്രമല്ല. ഉത്തര്‍പ്രദേശ് സര്‍ക്കരും അതിന്റെ പ്രധാന അന്വേഷണ ഏജന്‍സിയുമായ സി.ബി.ഐയും ചേര്‍ന്ന് വര്‍ഷങ്ങളായി മനഃപൂര്‍വം നീതി വൈകിപ്പിക്കുകയായിരുന്നുവെന്ന് വെങ്കിടേശനും സുബ്രഹ്മണ്യവും വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി പ്രകാരം സുപ്രിംകോടതി ഗൂഢാലോചനാ കുറ്റം കണ്ടെത്തിയവരില്‍ പ്രധാനികളാണ് ലാല്‍കൃഷ്ണ അദ്വാനി, വിനയ് കത്യാര്‍, ഉമാ ഭാരതി, സാധ്വി റിതംബര, മുരളി മനോഹര്‍ ജോഷി, വിഷ്ണു ഹരി ഡാല്‍മിയ. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യണ്‍സിങ്ങിന് കോടതി ഗൂഢാലോചനയുടെ അധികം കുറ്റം ചാര്‍ത്തുമ്പോള്‍ ആര്‍ട്ടിക്കിള്‍ 361ന്റെ പരിരക്ഷ ലഭിച്ചു. കാരണം അന്ന് അദ്ദേഹം രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു. എന്നാല്‍ അദ്ദേഹം ആ സ്ഥാനത്തുനിന്ന് ഒഴിയുമ്പോള്‍ സ്വാഭാവികമായും ചാര്‍ജുകള്‍ ചാര്‍ത്തപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. അവസാനം 2017ല്‍ കല്യാണ്‍ സിങ് ഒഴികെ എഫ്.ഐ.ആറിലുള്ള മറ്റുള്ളവര്‍ക്കെല്ലാമെതിരേ ഗൂഢാലോചനാ കുറ്റത്തിന് കേസെടുത്തു. ഇതിനെതിരേ അദ്വാനി ഡിസ്ചാര്‍ജ് പെറ്റീഷനുമായി ലഖ്‌നോ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി അദ്ദേഹത്തിന്റെ ഹരജി തള്ളി.
എന്നാല്‍ കുറ്റാരോപിതരായ 12 പേര്‍ക്കും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചു. 2019 സെപ്റ്റംബറില്‍ കല്യാണ്‍സിങ്ങിനെതിരേ കോടതി കേസെടുത്തെങ്കിലും രണ്ടുലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ അദ്ദേഹത്തിനും ജാമ്യം കിട്ടി. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കെട്ടുകണക്കിന് വിവരങ്ങള്‍ പ്രോസിക്യൂഷന് ലഭ്യമായിരുന്നുവെന്നാണ് വെങ്കിടേശ്വരനും വിദ്യ സുബ്രഹ്മണ്യവും പറയുന്നത്. ഔദ്യോഗിക അന്വേഷണ ഏജന്‍സികളുടെയും അന്വേഷണ കമ്മിഷനുകളുടേയും റിപോര്‍ട്ടുകള്‍ ലഭ്യമായിരുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍
പറയുന്നത്
അതേസമയം സംസ്ഥാനം സേനയെ ഉപയോഗിച്ചിരുന്നില്ല. കേന്ദ്രം സേനയെ വിന്യസിക്കുന്ന സാഹചര്യത്തെയും അവര്‍ തടഞ്ഞു. ഓരോ സംഭവങ്ങളെയും എങ്ങനെ നേരിടുമെന്ന് വ്യക്തമായി പദ്ധതിയില്ലാതെ അല്ലെങ്കില്‍ മസ്ജിദ് പൊളിക്കാന്‍ വന്ന ആള്‍ക്കൂട്ടത്തിന് ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു സര്‍ക്കാര്‍. കോടതി വിധിക്ക് എതിരായി തര്‍ക്ക ഭൂമിയില്‍ ചബൂത്തരയുണ്ടാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് മുന്‍കൈയെടുത്തത് എന്നതും കര്‍സേവകര്‍ക്കെതിരേ വെടിവയ്ക്കരുത് എന്നു തുടങ്ങി നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചതും സര്‍ക്കാരിനെതിരേയുള്ള സുപ്രധാന തെളിവാണ്.
1992 ഡിസംബര്‍ അഞ്ചിന് അതായത് മസ്ജിദ് തകര്‍ക്കുന്നതിന്റെ തലേ രാത്രിയില്‍ കത്യാറിന്റെ വസതിയില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ അദ്വാനിയും മറ്റു ചില നേതാക്കളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ബാബരി മസ്ജിദ് പൊളിക്കാനുള്ള അന്തിമതീരുമാനം കൈകൊണ്ടതെന്ന് എജി നൂറാനിയുടെ ഡിസ്ട്രക്ഷന്‍ ഓഫ് ബാബരി മസ്ജിദ്: ഏ നാഷനല്‍ ഡിസ്ഓണര്‍ എന്ന പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
അതേസമയത്ത് തന്നെയാണ് കല്യാണ്‍സിങ്ങിന്റെ പ്രസ്താവന വരുന്നതും. വിലക്ക് നിര്‍മാണത്തിനു മാത്രമേയുള്ളൂ, തകര്‍ക്കാനില്ലെന്ന്. 1949 മുതല്‍ യാതൊരു തിടുക്കവുമില്ലാതിരുന്ന തര്‍ക്ക കേസ്, യുദ്ധകാല വേഗത്തിലാണ് കോടതി ഇപ്പോള്‍ അവസാനിപ്പിച്ചത്. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍, കേടതിയുടെ തന്നെ ഭാഷയില്‍ വമ്പച്ച നിയമധ്വംസനങ്ങള്‍ നടന്ന കേസില്‍, രാജ്യത്തൊട്ടാകെ 2000ത്തോളം പേരുടെ ജീവനെടുത്ത ആ കേസില്‍ എന്താണ് ഇത്രയും തിടുക്കം ഇല്ലാതെ പോയത്. ബാബരി മസ്ജിദ് പള്ളി തകര്‍ത്ത കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക ജഡ്ജിയുടെ കാലാവധി 2019 ജൂലൈ 19നാണ് സുപ്രിംകോടതി നീട്ടിയത്. സെപ്റ്റംബര്‍ 30ന് വിരമിക്കാനിരുന്ന പ്രത്യേക ജഡ്ജിയുടെ കാലാവധി വാദം കേള്‍ക്കുന്നതിനും വിധിപറയുന്നതിനുമായി നീട്ടിയതാണ്. ഒന്‍പതു മാസങ്ങള്‍ക്കുള്ളില്‍ വിധിപറയാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിബര്‍ഹാന്‍ കമ്മിഷനില്‍ കണ്ടതുപോലെ നീതി അടുത്ത ആറുമാസത്തിനുള്ളില്‍ കിട്ടുമോ അതോ അടുത്ത കാലാവധിയിലേക്ക് നീട്ടുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. ഏതായാലും അടുത്ത കാലാവധി നല്‍കുന്നതിന് മുന്‍പ് സുപ്രികോടതി ഒരുകാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും, ഇന്ത്യന്‍ ഭരണഘടനയുടെ മതേതരനിര്‍മിതിയെ ആകെ പിടിച്ചുലച്ച സംഭവമാണ് ബാബരി മസ്ജിദ് തകര്‍ത്തത്. ഇത് സുപ്രിംകോടതി തന്നെ പറഞ്ഞതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."