ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് വെട്ടിച്ചുരുക്കല്‍: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ക്യൂവിലുണ്ടായിരുന്ന ബില്ലുകള്‍ക്കും ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്നും പണം വകയിരുത്തേണ്ട അവസ്ഥയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സമ്മതിക്കേണ്ടിവന്ന ധനമന്ത്രി തോമസ് ഐസക്ക്, കൂടുതല്‍ പണം ആവശ്യമെങ്കില്‍ അനുവദിക്കുമെന്നു പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നടപടി പ്രാദേശിക സര്‍ക്കാരുകളെ തകര്‍ക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്.
തദ്ദേശ സ്ഥാപനങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കെ.സി.ജോസഫാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. പണമില്ലാത്തതു കാരണം തദ്ദേശ സ്ഥാപനങ്ങളുടെ പല പദ്ധതികളും സ്തംഭിച്ചിരിക്കുകയാണെന്നും സ്പില്‍ ഓവറും ക്യൂ നിന്ന ബില്ലുകളുടെ തുകയും നല്‍കേണ്ടി വന്നതിനാല്‍ പദ്ധതികള്‍ വെട്ടിക്കുറയ്‌ക്കേണ്ട അവസ്ഥയാണെന്നും പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയാണെന്നും കെ.സി ജോസഫ് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെയ്തതെല്ലാം മറന്ന കെ.സി ജോസഫിന്റെ പ്രസംഗം ചെകുത്താന്‍ വേദമോതുന്നതുപോലെയാണെന്ന് മന്ത്രി തോമസ് ഐസക്ക് മറുപടി പറഞ്ഞു.
കേന്ദ്രം വായ്പ വെട്ടിക്കുറച്ചു. കേന്ദ്രത്തില്‍നിന്നുള്ള നികുതി വരുമാനവും കുറയ്ക്കും. തരാമെന്നു പറഞ്ഞ തുകയിലാണ് കേന്ദ്രം ഈ കുറവ് വരുത്തുന്നത്. അതുകൊണ്ടുതന്നെ അംഗീകരിച്ച പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാനാകില്ല. എങ്കിലും പദ്ധതി വെട്ടിക്കുറക്കുന്നത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനു മുന്നോടിയായാണ് മുന്‍ഗണ നിശ്ചയിച്ച് പദ്ധതികള്‍ ഏറ്റെടുക്കാന്‍ വകുപ്പുകളോട് നിര്‍ദേശിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ നയങ്ങളെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ മന്ത്രി വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. പഞ്ചായത്തുകളില്‍ വികസന പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും പഞ്ചായത്തുകളെ ഇടത് സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുകയാണെന്നും വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."