എയ്ഡഡ് കോളജ് നിയമനങ്ങളില്‍ സംവരണം: സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എയ്ഡഡ് കോളജ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്താനായി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്‌പെഷ്യല്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
അന്തിമവിധി വന്ന ശേഷമേ അനന്തര നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. എയ്ഡഡ് കോളജുകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍വകലാശാല സ്റ്റാറ്റിറ്റിയൂട്ടുകള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവിന് അനുസൃതമായി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കെ.ഇ ആക്ടിലും ചട്ടങ്ങളിലും ഭേദഗതി വരുത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കും. എയ്ഡഡ് മേഖലയിലെ നിയമനം പി.എസിക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് സര്‍ക്കാര്‍ എയ്ഡഡ് എന്നാക്കി മാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹ്യനീതി ഉറപ്പാക്കാന്‍ സംവരണം തുടരേണ്ടത് അത്യാവശ്യമാണ്. എയ്ഡഡ്, സ്വകാര്യ മേഖലകളില്‍ സംവരണം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും ഇവരുടെ നിയമനാധികാരത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."