എക്‌സൈസ് സംഘത്തെ അക്രമിച്ച് കഞ്ചാവ് കേസിലെ പ്രതിയെ രക്ഷപ്പെടുത്തി
ഏറ്റുമാനൂര്‍: പട്ടിത്താനത്ത് എക്‌സൈസ് സംഘത്തെ അക്രമിച്ച് കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയെ രക്ഷപ്പെടുത്തി. പ്രതിയെ അണിയിച്ചിരുന്ന വിലങ്ങും കേസെടുത്ത മഹസറും രേഖകളും അക്രമികള്‍ തട്ടിയെടുത്തു. ആക്രമണത്തില്‍ കുറവിലങ്ങാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ ബെന്നി, സിവില്‍ എക്‌സൈസ് ഓഫിസര്‍ തോമസ് ചെറിയാന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. ഉച്ചക്ക് 12.30ഓടെ കുറവിലങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത വിപിന്‍ ബാബു (22) എന്ന യുവാവിനെയാണ് വടിവാളും മറ്റു മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം രക്ഷപ്പെടുത്തിയത്.
കാണക്കാരി റെയില്‍വേ ഗേറ്റിനടുത്ത് നിന്നാണ് 10 ഗ്രാം കഞ്ചാവുമായി കോട്ടമുറി കോളനിയില്‍ വിപിന്‍ ബാബു പിടിയിലായത്. ചോദ്യം ചെയ്യലില്‍ തനിക്ക് കഞ്ചാവ് നല്‍കിയവര്‍ മരണവീട്ടില്‍ ഉണ്ടെന്നും അവരെ കാണിച്ചു തരാമെന്നും പറഞ്ഞ് പട്ടിത്താനം ഭാഗത്തേക്ക് എക്‌സൈസ് സംഘത്തെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. എം.സി റോഡില്‍ പട്ടിത്താനം ഭാഗത്തെത്തിയപ്പോള്‍ പെട്ടിഓട്ടോയില്‍ എത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അച്ചു സന്തോഷിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘം എക്‌സൈസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെ മൂന്നു ബൈക്കുകളിലായി ആറുപേര്‍ കൂടി ഇവരുടെ സഹായത്തിനെത്തി.
യൂനിഫോമിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ കൂടാതെ പ്രതികളെ പിടികൂടുന്നതിന് നാലു പേര്‍ മഫ്തിയിലുമുണ്ടായിരുന്നു. ഇവര്‍ക്ക് നേരെ കുരുമുളക് പൊടി സ്‌പ്രേ ചെയ്ത ശേഷം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉദ്യോഗസ്ഥരെ ബന്ധികളാക്കിയ ശേഷം സംഘം വിപിനുമായി സ്ഥലം വിടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എം.സി റോഡില്‍ 15 മിനുട്ടോളം ഗതാഗതം സ്തംഭിച്ചു. അക്രമത്തില്‍ അച്ചു സന്തോഷ്, വിപിന്‍ ബാബു എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന സംഘത്തിന്റെ പേരില്‍ കുറവിലങ്ങാട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."