കെ.പി.സി.സി പുനഃസംഘടനയില്‍ സെക്രട്ടറിമാര്‍ ഉടനില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച് ഏകദേശ ധാരണയായി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഹൈക്കമാന്‍ഡുമായും കേരളത്തില്‍നിന്നുള്ള നേതാക്കളുമായും പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജന. സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരുടെ കാര്യത്തിലാണ് തീരുമാനമായത്. സെക്രട്ടറിമാരെ ഇപ്പോള്‍ പ്രഖ്യാപിക്കാതെ പുനഃസംഘടന തല്‍കാലം ഈ രീതിയില്‍ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ കേരളത്തിലെ പുനഃസംഘടനാ വിഷയത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്‍ തീരുമാനപ്രകാരം ദേശീയ യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണ്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാതെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുന്നോട്ടുപോക്ക്. ഇതില്‍ തനിക്കുള്ള കടുത്ത അതൃപ്തി കെ.പി.സി.സി പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പുതിയ സെക്രട്ടറിമാരെ പ്രഖ്യാപിക്കാതിരിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള സെക്രട്ടറിമാരെ പ്രമോഷന്‍ നല്‍കി ജന.സെക്രട്ടറിമാരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ വി.ഡി സതീശന്‍ വര്‍ക്കിങ് പ്രസിഡന്റാകുകയും ചെയ്യും. തമ്പാനൂര്‍ രവിയും വര്‍ക്കിങ് പ്രസിഡന്റാകാനുള്ള സാധ്യതയുണ്ട്. ട്രഷറര്‍ സ്ഥാനത്തേക്ക് സി.പി മുഹമ്മദ്, കെ.കെ കൊച്ചുമുഹമ്മദ്, എ.പി അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണുള്ളത്. ഇവരിലൊരാളെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കും. ആകെ 80 പേരുള്ള പട്ടികയാണ് ഭാരവാഹി സ്ഥാനങ്ങളിലേക്ക് നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ് പ്രാതിനിധ്യത്തിനു പുറമേ ഗ്രൂപ്പിനു പുറത്തുള്ള നേതാക്കളുടെ ശുപാര്‍ശകള്‍കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."