പരീക്ഷാതട്ടിപ്പ്: പ്രതികളെ ഒഴിവാക്കി റാങ്ക് പട്ടിക
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് മരവിപ്പിച്ച കേരള ആംഡ് പൊലിസ് (കെ.എ.പി) നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നീ ഉദ്യോഗാര്‍ഥികളെ ഒഴിവാക്കി നാലാം ബറ്റാലിയനിലേക്കും മറ്റു ബറ്റാലിയനുകളിലേക്കും നിയമന ശുപാര്‍ശ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. കേരള പൊലിസില്‍ കെ.എ.പി നാലാം ബറ്റാലിയന്‍ കാസര്‍കോട് യൂനിറ്റിന്റെ പരീക്ഷയില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നല്‍കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കുറ്റക്കാരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് അടിയന്തരമായി നിയമന ശുപാര്‍ശ നല്‍കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചത്.
ഈ മാസം 21, 22 തിയതികളില്‍ നിയമന ശുപാര്‍ശ മെമ്മോ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കുവാനുളള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
വനിതാ ബറ്റാലിയന്‍ ഉള്‍പ്പെടെ എട്ട് ബറ്റാലിയനുകളിലായി മൂവായിരത്തോളം ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേസന്വേഷണത്തെ തുടര്‍ന്ന് റാങ്ക് പട്ടിക നാല് മാസമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.
പുരുഷ സിവില്‍ പൊലിസ് ഓഫിസര്‍മാരുടെ ഏഴ് ബറ്റാലിയനുകളിലെ നിയമനമാണ് ആദ്യം നടത്തുന്നത്. പ്രത്യേക പരിഗണന നല്‍കി വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഓഫിസുകള്‍ക്ക് പി.എസ്.സി നിര്‍ദേശം നല്‍കി. ഒരു വര്‍ഷമാണ് പൊലിസ് റാങ്ക്പട്ടികയുടെ കാലാവധി. അതിനുള്ളില്‍ പരമാവധി നിയമനം നടത്താനാണ് തീരുമാനം. ആറര ലക്ഷം പേരാണ് പൊലിസ് പരീക്ഷയെഴുതിയത്. കായികപരീക്ഷയ്ക്ക് ശേഷം പുരുഷ ബറ്റാലിയനിലെ 10,940 പേരുടെ റാങ്ക്പട്ടികയാണ് കഴിഞ്ഞ ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ചത്. ഈ മാസം നടക്കുന്ന കായികക്ഷമതാ പരീക്ഷയ്ക്കുശേഷം വനിതാ ബറ്റാലിയന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്ത് പരീക്ഷയില്‍ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കും നേടി കാസര്‍കോട് ബറ്റാലിയന്‍ പൊലിസ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പി.എസ്.സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ നടത്തിയ പരീക്ഷാത്തട്ടിപ്പ് പുറത്തറിഞ്ഞത്. ഉത്തരങ്ങള്‍ മൊബൈല്‍ ഫോണും സ്മാര്‍ട്ട് വാച്ചും ഉപയോഗിച്ച് പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം ആറുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."