മിന്നല്‍ ബസ് സമരം, യാത്രക്കാര്‍ വലഞ്ഞു; തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു
അടിമാലി: യാത്രക്കാരിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്വകാര്യ ബസുകള്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. സംഘര്‍ഷത്തില്‍ രണ്ടു ബസ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. നാലു പേര് പൊലിസ് പിടിയിലായി.
അടിമാലി പൊലിസ് സ്റ്റേഷന് പരിധിയില്‍ പത്താംമൈലില്‍ ഞായറാഴ്ച രാത്രി 7.20നാണ് സംഭവം. ആക്രമത്തില്‍ പ്രതിഷേധിച്ച് അടിമാലി, കോതമംഗലം എന്നിവിടങ്ങളില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. അടിമാലി-കോതമംഗലം പാതയില്‍ സര്‍വിസ് നടത്തുന്ന സെന്റ് ആന്റണീസ് ബസിലെ ഡ്രൈവര്‍ ചേലട് കരിങ്ങഴ കുറുപ്പുംപടിയില്‍ ജിബി (40), കണ്ടക്ടര്‍ ചേലാട് കരിങ്ങഴ പണിക്കശ്ശേരി വിനീത് (31) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പത്താംമൈല്‍ മറ്റപ്പിനായി നെജീബ് (48), സഹോദരന് നവാവ് (44), പുത്തന്‍പുരയില്‍ മധു (49), മംഗലശേരിയില്‍ ജയന് (38) എന്നിവരെ പൊലിസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി വാളയില്‍ യാത്രക്കാരിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് ബസില്‍ തര്‍ക്കം നടന്നിരുന്നു. ഞായറാഴ്ച രാവിലെ വ്യാപാരിയായ നജീബിന്റ കടയുടെ മുന്നില്‍ ബസ് നിര്‍ത്തിയശേഷം നജീബിനെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഇതു ചോദിക്കാന്‍ വേണ്ടി എത്തിയപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാത്രിയില്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ബസ് സര്‍വിസ് നിര്‍ത്തിവച്ചത് അറിയാതെ എത്തിയ നൂറുകണക്കിന് യാത്രക്കാര്‍ അടിമാലി, കോതമംഗലം എന്നിവിടങ്ങളില്‍ കുടുങ്ങി. സംഘര്‍ഷത്തിനിടെ ബസ് മുന്നോട്ടു നീങ്ങിയതിനെ തുടര്‍ന്ന് കാറിലും ഓട്ടോയിലും ഇടിക്കുകയും ചെയ്തു. എന്നാല്‍ ഇറക്കിവിട്ട യാത്രക്കാരി പരാതിയുമായി പൊലിസിനെ സമീപിച്ചിട്ടില്ല. പിടിയിലായവരെ പൊലിസ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."