കോട്ടപ്പാറയില്‍ സഞ്ചാരികളെ തടഞ്ഞ് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു
വണ്ണപ്പുറം: കോട്ടപ്പാറയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ക്രമാതീതമായതോടെ ഇങ്ങോട്ടുള്ള പ്രവേശനം തടഞ്ഞ് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. നീക്കം അപകട സാധ്യത മുന്നില്‍ കണ്ടെന്നാണ് വനം വകുപ്പ് വിശദീകരണം. കാളിയാര്‍ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലാണ് പ്രവേശന കവാടത്തിലും കോട്ടപ്പാറയില്‍ സഞ്ചാരികള്‍ കാഴ്ചകാണാന്‍ എത്തുന്ന സ്ഥലത്തും ബോര്‍ഡ് സ്ഥാപിച്ചത്. കോട്ടപ്പാറയിലെ പാറയുടെ മുകള്‍ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചു. ഈ ഭാഗം സര്‍ക്കാര്‍ ഭൂമിയും അപകടമേഖലയുമാണ്. അതിക്രമിച്ച് കടക്കുന്നത് വനനിയമ പ്രകാരം ശിക്ഷാര്‍ഹമാണെന്നും ബോര്‍ഡിലുണ്ട്. കാളിയാര്‍ റേഞ്ച് ഓഫിസര്‍ ജ്യോതിഷ് ഓഴയ്ക്കന്റെ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. സമീപ ജില്ലകളില്‍നിന്ന് പോലും ദിവസവും ഇവിടെ നൂറുകണക്കിന് പേരാണ് എത്തുന്നത്. സ്ഥലപരിചയം ഇല്ലാത്തതും മഞ്ഞ് നിറഞ്ഞ് നില്‍ക്കുന്നതും ചരിവുള്ള പാറയുമായതിനാല്‍ അപകട സാധ്യതയേറെയാണെന്ന് റേഞ്ച് ഓഫിസര്‍ പറയുന്നു. താഴെ 250 അടിയോളം ആഴത്തിലുള്ള കൊക്കയാണ്. സഞ്ചാരികളുടെ ബാഹുല്യം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നടപടി. ഇവിടെ എത്തുന്ന സഞ്ചാരികളെ ഉടന്‍ തടയില്ല. അതേസമയം അപകട സാധ്യത സംബന്ധിച്ച് ബോധവല്‍ക്കരിച്ച് മടക്കി അയക്കും. പിന്നീട് ആളുകള്‍ കൂടുതലായി എത്തിയാല്‍ ബാരിക്കേട് വച്ച് പ്രവേശനം പൂര്‍ണമായും തടയുമെന്നും റേഞ്ച് ഓഫിസര്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് ഇതു സംബന്ധിച്ച താല്‍ക്കാലിക ബോര്‍ഡ് വനംവകുപ്പ് സ്ഥാപിച്ചത്. സഞ്ചാരികള്‍ പാറയുടെ അറ്റത്തേക്കടകം സാഹസികമായി ഇറങ്ങുന്നതും ചിത്രങ്ങള്‍ എടുക്കുന്നതും ഇവിടെ എത്തുന്ന മറ്റു സഞ്ചാരികള്‍ക്കും പേടിപ്പെടുത്തുന്ന അനുഭവമാണ് നല്‍കുന്നത്. പാറയുടെ നിശ്ചിത ദൂരത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കി ഇവിടം വികസിപ്പിച്ചെടുക്കണമെന്നാണ് ഇവിടെ ഒരു തവണയെങ്കിലും എത്തിയവരുടെ അഭിപ്രായം. കോട്ടപ്പാറയില്‍ ഒരിക്കലെത്തിയാല്‍ വീണ്ടും വരാന്‍ തോന്നുമെന്നും വളരെ അധികം ടൂറിസം സാധ്യതയുള്ള മേഖലയാണിതെന്നുമാണ് സഞ്ചാരികളുടെ പക്ഷം. തൊട്ടുമുന്നില്‍ മഞ്ഞ് തീര്‍ക്കുന്ന വിസ്മയ കാഴ്ച. കൈയെത്തും ദൂരത്ത് മഞ്ഞ് പടര്‍ന്ന് അതിലൂടെ സൂര്യപ്രകാശം കൂടി കടന്നെത്തുമ്പോള്‍ ഉണ്ടാകുന്ന കാഴ്ച കൊളുക്കുമലയെ ഓര്‍മിപ്പിക്കും. പുലര്‍ച്ചെയുള്ള കാഴ്ചയാണ് ആസ്വാദ്യകരം. മഴയുള്ള കാലാവസ്ഥയില്‍ ഇവിടെ എത്തിയാല്‍ പ്രത്യേകിച്ചൊന്നും കാണാന്‍ സാധിക്കില്ല. ഇവിടം വേണ്ട രീതിയില്‍ ഉപയോഗിക്കാനായാല്‍ വലിയ വരുമാനമാകും ടൂറിസം വകുപ്പിന് ലഭിക്കുക. വണ്ണപ്പുറം ടൗണില്‍ നിന്നും മുള്ളരിങ്ങാട് വഴി മൂന്ന് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കോട്ടപ്പാറയിലെത്താം. കുത്തനെയുള്ള കയറ്റവും തിരിവും വീതി കുറഞ്ഞതുമായുള്ള റോഡിലൂടെ വേണം ഇവിടെ എത്താന്‍. ഞായറാഴ്ചകളില്‍ 1500 പേര്‍ വരെ ഇവിടെ എത്തുന്നതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."