മ്ലാവിനെ വേട്ടയാടിയ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍
മൂന്നാര്‍: മ്ലാവിനെ വേട്ടയാടിയ റിസോര്‍ട്ട് ഉടമ വനം വകുപ്പിന്റെ പിടിയിലായി. ദേവികുളം റേഞ്ചിലെ പള്ളിവാസല്‍ സെക്ഷനില്‍ നടന്ന മ്ലാവുവേട്ട കേസിലെ പ്രതി കല്ലറയക്കല്‍ കെ.ജെ ദിലീപ് (ദിലീപ് പൊട്ടംകുളം- 53) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഭാര്യയുടെ പേരില്‍ മൂന്നാര്‍ ലക്ഷ്മിക്കു സമീപം നടത്തുന്ന ക്യാംലോട്ട് റിസോര്‍ട്ടിലെ അടുക്കളയിലെ ഫ്രീസറില്‍നിന്ന് എട്ടു കിലോ മ്ലാവിറച്ചിയും പിടികൂടി. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും കണ്ടെത്തി.
ഞായറാഴ്ച വൈകിട്ടാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേവികുളം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. മ്ലാവിറച്ചി പിടിച്ചെടുത്തപ്പോള്‍ പ്രതി സ്ഥലത്തില്ലായിരുന്നു. നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മൂന്നാറിലേക്കു വരുന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി 10ഓടെ വാളറയില്‍ നിന്നാണ് പ്രതി പിടികൂടിയത്. പിന്നീട് ഇയാളെ ദേവികുളം റേഞ്ചിന് കൈമാറി.
ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെടുക്കുന്നത്. റിസോര്‍ട്ടിന് പിന്നിലെ കാട്ടില്‍ നിന്നാണ് മ്ലാവിനെ രണ്ടു മാസം മുമ്പ് വേട്ടയാടിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് മുന്‍പും വേട്ട നടത്തിയതായും വിവരമുണ്ട്. ദേവികുളം റേഞ്ച് ഓഫിസര്‍ നിബു കിരണ്‍, പള്ളിവാസല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അബ്ബാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിച്ചു വരികയാണ്.
പ്രതിയെ പിടികൂടിയത് സാഹസികമായി
അടിമാലി: മ്ലാവുവേട്ട കേസിലെ പ്രതിയായ റിസോര്‍ട്ട് ഉടമയെ വനപാലകര്‍ പിടികൂടിയത് സാഹസികമായി. രാത്രി വൈകി കാഞ്ഞിരപ്പള്ളിയില്‍നിന്ന് മൂന്നാര്‍ ഭാഗത്തേക്ക് പ്രതിയും കുടുംബവും സഞ്ചരിച്ച വാഹനം വരുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേര്യമംഗലം തലക്കോട് ചെക്ക്‌പോസ്റ്റില്‍ പ്രതിയുടെ ആഡംബര വാഹനത്തിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
വനപാലകര്‍ ജീപ്പില്‍ പിന്തുടര്‍ന്നു. വാളറ സെക്ഷനില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ ദേശീയപാതയുടെ പ്രവപത്തി നടക്കുന്ന ഭാഗത്തേക്കു നീങ്ങി. പണി പുരോഗമിക്കുന്നതിനാല്‍ ഒറ്റവരിയാണ് ഇതുവഴി ഗതാഗതം അനുവദിച്ചിരിക്കുന്നത്. ഇവിടെ കയറിയ സമയത്ത് ഇരുവശങ്ങളില്‍ നിന്ന് വാഹനം ഉപയോഗിച്ച് റോഡ് തടസപ്പെടുത്തുകയായിരുന്നു.
പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടിട്ട് ഇറങ്ങാതെ ഏറെ നേരം പ്രതി വാഹനത്തില്‍ ഇരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെ വനംവകുപ്പ് സംഘത്തെ ഭീഷണിപ്പെടുത്തിയതാതയും അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. വാളറ സെക്ഷനിലെ ഉദ്യോഗസ്ഥരായ ബിജോയ്, ജിതിന്‍ അഞ്ജിത്, ഷിബിന്‍ ദാസ്, അഖില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."