ഒരു മഹാസ്വപ്‌നത്തിന്റെ അന്ത്യം
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സ്ഥാനം രാജിവച്ചു വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുന്നു. ബി.ജെ.പി ഇതര മഹാസഖ്യത്തിന്റെ തകര്‍ച്ചയെന്നതിലുപരി നിതീഷ്‌കുമാര്‍ എന്ന രാഷ്ട്രീയ പുല്‍ച്ചാടിയുടെ അധികാരത്തിന്റെ പച്ചപ്പുതേടിയുള്ള അവസാനിക്കാത്ത ചാട്ടമായി വേണം ഇപ്പോഴത്തെ മാറ്റത്തെ വിശേഷിപ്പിക്കാന്‍. എല്ലാ കാലവും അധികാരത്തിന്റെ മധു നുകരാന്‍ ആദര്‍ശവും പ്രതിച്ഛായയും തരാതരം പോലെ ഉപയോഗിക്കുന്ന നേതാവാണു നിതീഷ്‌കുമാര്‍. ഇതു നാലാംതവണയാണു ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേല്‍ക്കുന്നത്.
അധികാരത്തിന്റെ ശീതളച്ഛായയില്‍ കഴിഞ്ഞുപോരുന്ന ഈ നേതാവിനെ വിശ്വസിച്ചായിരുന്നു ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മഹാസഖ്യം രൂപംകൊണ്ടത്. 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കാണുകയും ചെയ്തു. രാജ്യമൊട്ടാകെ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും അതിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു മഹാസഖ്യത്തിന്റെ ബിഹാറിലെ വിജയം. ഡല്‍ഹിയിലും ബിഹാറിലും വന്ന ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ബി.ജെ.പി സര്‍ക്കാരിന് എന്നും അസ്വസ്ഥതയായിരുന്നു. കേജ്‌രിവാള്‍ ഭരണകൂടത്തെ മൂക്കുകയറിട്ട് നിയന്ത്രിച്ചപ്പോള്‍ ബിഹാറില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു.
അന്നുതൊട്ടു തുടങ്ങിയതാണ് ബിഹാര്‍ മന്ത്രിസഭയെ മറിച്ചിടാനുള്ള ബി.ജെ.പി ബുദ്ധിരാക്ഷസന്മാരുടെ തന്ത്രങ്ങള്‍. നേരത്തെ എന്‍.ഡി.എയുമായി സഹകരിച്ചു നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുനൈറ്റഡ് അധികാരം പങ്കിട്ടിട്ടുണ്ട്. 2013 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണു നീണ്ടകാലത്തെ എന്‍.ഡി.എ ബന്ധം നിതീഷ്‌കുമാര്‍ അവസാനിപ്പിച്ചത്. രണ്ടുവര്‍ഷത്തിനുശേഷം അതേ എന്‍.ഡി.എയുടെ കൂടാരത്തിലേക്കു നിതീഷ്‌കുമാര്‍ വീണ്ടും നുഴഞ്ഞുകയറിയിരിക്കുന്നു.
ഇതിന് ഒരു രാഷ്ട്രീയതത്വദീക്ഷയും അദ്ദേഹത്തിനു വിഘാതമായില്ല. അഴിമതിയാരോപണത്തിനു വിധേയനായ ഉപമുഖ്യമന്ത്രി തേജസ്വി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇപ്പോഴത്തെ സ്ഥാനത്യാഗവും മലക്കംമറിച്ചിലും. നിതീഷ്‌കുമാര്‍ 2008ലെ ഒരു കൊലപാതകക്കേസില്‍ പ്രതിയാണെന്ന വസ്തുത മറക്കരുതെന്നാണു തേജസ്വിയുടെ പിതാവു കൂടിയായ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഓര്‍മിപ്പിക്കുന്നത്.
ബിഹാറിന്റെ താല്‍പര്യം കണക്കിലെടുത്താണു രാജിയെന്നു രാജ്ഭവനു പുറത്തു നിതീഷ്‌കുമാര്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയുണ്ടായി. ശുദ്ധ അസംബന്ധമാണിത്. അദ്ദേഹത്തിന്റെ സ്വന്തം താല്‍പര്യമാണ് ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത്. രാജിവയ്ക്കാനും വീണ്ടും മുഖ്യമന്ത്രിയാകാനും അദ്ദേഹം നേരത്തേ ഉറപ്പിച്ചതാണ്. ബി.ജെ.പി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ പിന്‍താങ്ങിയതും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചതും ഇതിന്റെ ഭാഗമായിരുന്നു.
ബി.ജെ.പിയെ മൂന്നാംസ്ഥാനത്തേക്കു തള്ളിയാണു ബിഹാറില്‍ മഹാസഖ്യം 2015 നവംബറില്‍ അധികാരത്തില്‍ വന്നത്. ബി.ജെ.പിക്കെതിരേ പുതിയൊരു രാഷ്ട്രീയമുന്നേറ്റത്തിന്റെ അരുണോദയമായി മഹാസഖ്യത്തിന്റെ വിജയം വാഴ്ത്തപ്പെട്ടു. 30 ശതമാനം മാത്രം വോട്ടു നേടി അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാരിന്റെ കാല്‍കീഴില്‍ അടിയറവയ്ക്കാനായിരുന്നോ ഈ അസുലഭവിജയത്തെ നിതീഷ്‌കുമാര്‍ എന്ന ഭാഗ്യാന്വേഷി ഉപയോഗപ്പെടുത്തിയത്.
രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുവാനും അസഹിഷ്ണുത പടര്‍ത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ വ്യക്തമായ മറുപടിയായിരുന്നു ബിഹാറിലെ ജെ.ഡി.യു-ആര്‍.ജെ.ഡി.യു കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ രണ്ടുവര്‍ഷത്തെ ഭരണം. അഴിമതിയില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ അമരക്കാരന്‍ നരേന്ദ്രമോദി നിതീഷ്‌കുമാറിനു പിന്തുണ നല്‍കിയിരിക്കുന്നത് അഴിമതി വിരുദ്ധതയുടെ പേരിലാണെന്നതു പരിഹാസ്യമാണ്. ബിഹാറില്‍ മഹാസഖ്യം വിജയിച്ചാല്‍ പാകിസ്താനില്‍ പടക്കംപൊട്ടുമെന്നു ഭീഷണിയുടെ സ്വരത്തില്‍ പ്രസംഗിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെ നിശബ്ദനാക്കിക്കൊണ്ടായിരുന്നു മഹാസഖ്യം ബിഹാറില്‍ വിജയക്കൊടി നാട്ടിയത്. അതിന്റെ പ്രതികാരം തീര്‍ക്കുകയാണിപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍.
അധികാരത്തിന്റെ മധുരം തേടി നിതീഷ്‌കുമാറിനെപ്പോലുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ മേയുന്ന ഇന്ത്യന്‍ രാഷ്ട്രീയഭൂമികയില്‍ മതേതര ജനാധിപത്യം ശക്തമായി നിലകൊള്ളുമെന്ന് എങ്ങനെ കരുതാനാകും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അടുത്തു നടക്കാനിരിക്കുന്ന ഗുജറാത്ത്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കു കനത്തപ്രഹരമേല്‍പ്പിക്കാന്‍ കഴിയുമായിരുന്ന രാഷ്ട്രീയസഖ്യത്തെയാണു നിതീഷ്‌കുമാര്‍ അധികാരക്കൊതിയുടെ പേരില്‍ തകര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ മതേതര മനസ്സുകളുടെ പ്രതീക്ഷയുടെ പ്രതീകമായിരുന്ന മഹാസഖ്യം അങ്ങനെ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു മറയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."