ഹോംകോയില്‍ ലേഡി ഡോക്ടറെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി
മണ്ണഞ്ചേരി: അധികാരം ദുര്‍വിനിയോഗം ചെയ്ത് സഹപ്രവര്‍ത്തകയായ ലേഡി ഡോക്ടറെ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നതായി പരാതി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ഏക ഹോമിയോ മരുന്ന് നിര്‍മാണശാലയായ ആലപ്പുഴ പാതിരപ്പള്ളി ഹോംകോയിലാണ് പരാതിക്കിട നല്‍കുന്ന സംഭവങ്ങള്‍ നിരന്തരമായി അരങ്ങേറികൊണ്ടിരിന്നത്.
ഈ മരുന്ന് നിര്‍മാണശാലയിലെ ഷിഫ്റ്റ് സൂപ്പര്‍വൈസറായ ഡോ. മീരാകുമാരിയാണ് ഇത്തരം ദുരനുഭവങ്ങളുടെ ഇര. ഹോംകോയിലെ ചീഫ് ഫാര്‍മസി ഓഫിസര്‍ ഡോ.എസ്.സുരേഷിനെതിരായാണ് നിലവില്‍ മാനസികമായ പീഡനത്തിനെതിരേ ഇവര്‍ പരാതി നല്‍കിയത്.
രണ്ട് വര്‍ഷത്തിന് മുന്‍പ് മരുന്നുനിര്‍മാണത്തിന്റെ സാങ്കേതികമായ പരിശോധനയ്ക്കായി സാങ്കേതിക വിദഗ്ധര്‍ കമ്പനി സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ ടെക്‌നിക്കല്‍ സംബന്ധമായ ചില രേഖകള്‍ അടങ്ങുന്ന ഒരു ഫയല്‍ പരിശോധനയ്ക്കായി അവര്‍ ആവശ്യപ്പെട്ടിരുന്നു.
അന്ന് ഈ സ്ഥാപനത്തിന്റെ എം.ഡിയുടെ ചുമതല വഹിച്ചിരുന്ന ജില്ല മെഡിക്കല്‍ ഓഫിസര്‍ കൂടിയായിരുന്ന ഡോ.എസ്.ഇന്ദു ഡോ.മീരയോട് ഈ ഫയല്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ തന്റെ പക്കലല്ല ആ ഫയലെന്നും അത് ഡോ.സുരേഷാണ് നിലവില്‍ കൈകാര്യം ചെയ്യുന്നതെന്നും മീര അന്ന് പറഞ്ഞിരുന്നു. ഈ സംഭവമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതിന് കാരണമായതെന്നാണ് ഡോ.മീര ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.
അവര്‍ ആവശ്യപ്പെട്ട ഫയല്‍ തന്റെ കാമ്പിനില്‍ നിന്നും നിങ്ങള്‍ എന്തുകൊണ്ടാണ് എടുത്ത് നല്‍കാതിരുന്നതെന്ന് ഡോ.സുരേഷ് അന്നുതന്നെ മീരയോട് ചോദിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് ഡോ.മീരദേവിക്ക് അന്ന് എം.ഡിയുടെ പൂര്‍ണ ചുമതലവഹിച്ചിരുന്ന ഡോ.ഇന്ദു ശാസനക്കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഡോ. ഇന്ദു സ്ഥാപനത്തില്‍ നിന്നും പോകുകയും എം.ഡിയുടെ അധികചുമതല ഡോ.സുരേഷിന് ലഭിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഡോ.മീരാദേവിയുടെ സര്‍വിസ് ബുക്കില്‍ ക്രമവിരുദ്ധമായി മുന്‍പ് ഡോ.ഇന്ദു നല്‍കിയ ശാസന രേഖപ്പെടുത്തുകയും ഇതിനായി ഡോ. ഇന്ദുവിന്റെ സീല്‍പതിച്ച് ഡോ.സുരേഷ് ദുര്‍വിനിയോഗം നടത്തിയിരുന്നു.
ഇത് കാട്ടി ബന്ധപ്പെട്ടവര്‍ക്ക് ഡോ.മീരദേവി പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുകണ്ടെത്തിയതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഡോ.സുരേഷിനെതിരേ നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ നിര്‍ദേശം നിലനില്‍ക്കേയാണ് വീണ്ടും ഡോ.സുരേഷ് ഡോ.മീരയോട് മാനസികമായി തകര്‍ക്കുന്ന തരത്തില്‍ മോശമായി പെരുമാറിയത്. ഇതിനെ തുടര്‍ന്ന് ഡോ.മീരക്ക് ബോധക്ഷയം ഉണ്ടാകുകയും സമീപത്തെ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സംഭവത്തെ തുടര്‍ന്ന് ഡോ. സുരേഷിന് എം.ഡി താക്കിത് നല്‍കിയിട്ടുണ്ട്.
വനിതാ ജീവനക്കാരൊട് ബഹുമാനത്തോട് ഇടപെടണമെന്നാണ് സര്‍വിസ് നയമെന്നും ഡോ. സുരേഷിന് ഹോംകോ എം.ഡി ഡോ.പി ജോയ് നല്‍കിയ താക്കീതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ഒരു വനിതാ ജീവനക്കാരിക്ക് ശല്യമാകുന്ന തരത്തില്‍ നിരന്തരമായി ഒരാള്‍ പിന്‍തുടര്‍ന്ന് മാനസികമായി തകര്‍ക്കുന്നതില്‍ സ്ഥാപനത്തിലെ വനിതകളായ ജീവനക്കാര്‍ക്ക് ശക്തമായ അമര്‍ഷം നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."