ആര്‍ത്താറ്റ് ചുഴലിക്കാറ്റ്; നാശനഷ്ടമുണ്ടായവര്‍ക്ക് നഗരസഭ പ്രഖ്യാപിച്ച തുക നല്‍കിയില്ല
കുന്നംകുളം: ആര്‍ത്താറ്റ് ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ വീട്ടുകാര്‍ക്ക് നഗരസഭ കൗണ്‍സില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക നല്‍കില്ല. നിയമപരമായ ആശയകുഴപ്പമാണ് കാരണമെന്ന് നഗരസഭ.
ചുഴലിക്കാറ്റില്‍ നാശമുണ്ടായ 120 കുടുംബങ്ങള്‍ക്കായി 3.82000 രൂപയായിരുന്നു അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചത്. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ കൗണ്‍സില്‍ കമ്മിറ്റി രൂപീകരിക്കുകയും അവരുടെ തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്ത് ഉദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു പണം നല്‍കാന്‍ തീരുമാനിച്ചത്. നാശനഷ്ടങ്ങളുടെ തോതനുസരിച്ച് 2000 മുതല്‍ 10000 രൂപ വരേയായിരുന്നു നഷ്ടപരിഹാര തുക നിശ്ചയിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം ആഡംബരമായി നടത്തുകയും ആദ്യ തുകയായി ചെയര്‍പഴ്‌സന്റെ തന്നെ വാര്‍ഡിലുള്ള ഒരു കൗണ്‍സിലറുടെ ബന്ധുകൂടിയായ സ്ത്രീക്ക് 10000 രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നല്‍കാമെന്നായിരുന്നു അന്നു നല്‍കിയ ഉറപ്പ്. ഇഞ്ചിക്കുന്ന് സ്വദേശിനിക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് നല്‍കിയ ചെക്ക് മാറിനല്‍കരുതെന്ന് കാട്ടി പിന്നീട് സെക്രട്ടറി ബാങ്കിന് കത്ത് നല്‍കിയെങ്കിലും അതിനു മുന്‍പേ അവര്‍ പണം മാറിയെന്നാണ് ഭരണസമതി പറയുന്നത്.
പ്രകൃതിക്ഷോഭത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് സെക്രട്ടറി ഇതിനായി കണ്ടത്തിയ കാരണം. എന്നാല്‍ ഇതേ സെക്രട്ടറി തന്നെയാണ് 10000 രൂപയുടെ ചെക്ക് ഒപ്പിട്ടു നല്‍കിയതും. ചുഴലിയില്‍ വലിയ നാശമുണ്ടായെങ്കിലും നഗരസഭ നാമ മാത്ര തുക നല്‍കുകയും പിന്നീട് സര്‍ക്കാരില്‍ നിന്ന്് ധനസഹായം ലഭിക്കുമെന്നുമായിരുന്നു ഇവരോട് മന്ത്രിയുടെ കൂടി സാന്നിദ്ധ്യത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീടും കൃഷിയിടവും നഷ്ടപെട്ടവര്‍ക്ക് ഒരു തരത്തിലുള്ള ധനസഹായവും ഇതുവരേയും ലഭിച്ചിട്ടില്ല. നഗരസഭ കൂടി കയ്യൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കൗണ്‍സിലര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."