മലമ്പുഴ കുടിവെള്ള പദ്ധതിയുടെ പഴയ പൈപ്പുകള്‍ മാറ്റാനൊരുങ്ങുന്നു
മലമ്പുഴ: മലമ്പുഴ കുടിവെള്ള പദ്ധതിയിലെ കാലഹരണപ്പെട്ട പൈപ്പുകള്‍ അധികൃതര്‍ മാറ്റാനൊരുങ്ങുന്നു. അണക്കെട്ടു മുതല്‍ മലമ്പുഴയിലെ വാട്ടര്‍ അതോററ്റിയുടെ പ്ലാന്റ് വരെയുള്ള 1.8 കി.മീ ദൂരത്തെ പഴയ പൈപ്പുകളാണ് മാറ്റുന്നത്. മാട്ടുമന്തയിലെ കുടിവെള്ള ടാങ്കിനു സമീപത്തെ പഴയ പൈപ്പുകളും മാറ്റി സ്ഥാപിക്കും.
30 വര്‍ഷത്തിലധികം പഴക്കമുള്ള 700 എം.എം പ്രിമോ സിമന്റ് പൈപ്പുകളാണ് മാറ്റുന്നത്. 700 എം.എം വ്യാസമുള്ള പുതിയ ടെക്‌റ്റൈല്‍ ഇരുമ്പു പൈപ്പുകളാണ് പുതുതായി സ്ഥാപിക്കുക. 4.65 കോടി രൂപയാണ് ചെലവ്.
പൈപ്പുകള്‍ തിരുപ്പതിയില്‍ നിന്നുകഴിഞ്ഞ ദിവസം മലമ്പുഴയിലെത്തിയിരുന്നു. ടെക്‌റ്റൈല്‍ ഇരുമ്പു പൈപ്പുകളായതിനാല്‍ പൊട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് വാട്ടര്‍ അതോററ്റി അധികൃതര്‍ പറയുന്നു. സിമന്റ് പൈപ്പുകള്‍ ഇടയ്ക്കിടെ പൊട്ടുന്നതിനാല്‍ ജലവിതരണം തടസപ്പെടുന്നതു പതിവായിരുന്നു. തിങ്കളാഴ്ച മുതല്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചു തുടങ്ങും.
പഴയ പൈപ്പുകളുടെ സമീപത്തായി ചാലുകീറിയാണ് പുതിയതു സ്ഥാപിക്കുന്നത് എന്നതിനാല്‍ ജലവിതരണം തടസപ്പെടില്ലെന്നു അധികൃതര്‍ അറിയിച്ചു. ആറുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കും. വാട്ടര്‍ അതോററ്റി പ്ലാന്റ് മുതല്‍ മാട്ടുന്തവരെയുള്ള പഴയ പൈപ്പുകള്‍ കഴിഞ്ഞ വര്‍ഷം മാറ്റിയിരുന്നു.
ഉദ്യാനത്തിനകത്തെ പഴയ പൈപ്പുകള്‍ ഇടയ്ക്കിടെ പൊട്ടുന്നത് ജലവിതരണം തടസപ്പെടുത്താന്‍ കാരണമായിരുന്നു. കുടിവെള്ളം പാഴാകുന്നതിനൊപ്പം ഉദ്യാനത്തിനകത്ത് വെള്ളം നിറയുമായിരുന്നു.
പാലക്കാട് നഗരസഭ, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, പുതുശ്ശേരി, മരുതറോഡ്, പിരായിരി പഞ്ചായത്തുകളിലേക്ക് മലമ്പുഴയില്‍ നിന്നാണ് കുടിവെള്ളമെത്തുന്നത്.
പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള വിതരണം തടസപ്പെടുന്നത് ഒഴിവാക്കാനാകും. മലിനജലമെത്താത്തതും തടയാനാകും. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ 2014ല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും നടപടിയൊന്നുമായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."