മാവോയിസ്റ്റ് വേട്ട: പൊലിസ് പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതിയും, മൃതദേഹം സംസ്‌കരിക്കാം
കൊച്ചി: അട്ടപ്പാടിയിലെ മാവോവാദി ഏറ്റുമുട്ടലുമായി പൊതുജനങ്ങള്‍ക്കുണ്ടായ സംശയത്തില്‍ ആശങ്കയറിയിച്ച് ഹൈക്കോടതിയും. സംഭവത്തില്‍ പൊലിസിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെയും പൊലിസിന്റെയും ഭാഷ്യം എല്ലാം തള്ളിയാണ് കോടതി ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയതെന്നത് ഇടതു സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കേസിലുണ്ടായിരിക്കുന്ന പുകമറ മാറ്റണമെന്നും പൊലിസുകാരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപ്പിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ സാഹചര്യവും അന്വേഷിക്കണമെന്നും കോടതി ശക്തമായ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റമുട്ടലാണെന്നും ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങളാണ് കോടതിയെ സമീപിച്ചത്. ഈ ഹരജിയാണ് കോടതി തീര്‍പ്പാക്കിയത്.
നിബന്ധനകള്‍ക്ക് വിധേയമായി കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്‌കാരം ഹൈക്കോടതി തടഞ്ഞിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സംസ്‌കരിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും ഉത്തരവിട്ടിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം പ്രദേശം സന്ദര്‍ശിച്ച സി.പി.ഐ സംഘത്തിന്റെയും വസ്തുതാന്വേഷണ സംഘത്തിന്റെയും നിഗമനങ്ങള്‍ ശരിവെക്കുന്ന തരത്തിലേക്കാണ് കോടതി നിഗമനവും. നേരത്തെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സി.പി.ഐ കൈമാറിയിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു സി.പി.ഐ നേതാക്കള്‍ തയാറിക്കിയ റിപ്പോര്‍ട്ടില്‍ അടിവരയിട്ടിരുന്നത്.
മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലിസിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംഘം ആവര്‍ത്തിക്കുന്നു. അതു സമര്‍ഥിക്കാനുള്ള സാഹചര്യത്തെളിവുകളും പരിസരവാസികളുടെ മൊഴികളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ തരത്തില്‍ പൊലിസ് മുന്നോട്ടുപോയാല്‍ അത്് സര്‍ക്കാരിന് അപകടമാണെന്നും ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ നടപടികളല്ല പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഏറ്റെടുത്തശേഷം ഉണ്ടായതെന്നും നേരത്തെ ചൂണ്ടിക്കാട്ടിയ സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."