യോഗ്യതയ്ക്ക് വിലക്കിടാന്‍ ഒരു ഫെഡറേഷന്‍
ഇന്ത്യന്‍ കായിക രംഗം സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രിയിലേക്ക് പരിണമിച്ചതോടെ ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരുകൂട്ടം കായിക വ്യവസായികളുടെ കടന്നുവരവുണ്ടായി. ഏറെ പുഴുക്കുത്തുകള്‍ നിറഞ്ഞാടുന്ന ലോകമായി അത് മാറുകയും ചെയ്തു. ഭരണാധികരികളെന്നോ താരങ്ങളെന്നോ വ്യത്യാസമില്ല. രാജ്യത്തെ കായിക രംഗം എന്നും വിവാദങ്ങള്‍ നിറഞ്ഞതാണ്.
ആത്മാര്‍ഥതയോടെ പണിയെടുക്കുന്നവര്‍ ഏറെയുണ്ട്. അവരുടെ ആയുസ് കുമിളകള്‍ പോലെയാണ്. അസോസിയേഷനുകളെ കീശ വീര്‍പ്പിക്കാനുള്ള മാര്‍ഗമായി മാത്രം കാണുന്നവര്‍. അഴിമതിയുടെയും കെടുകാര്യസ്തതയുടെയും ഒന്നാം സ്ഥാനം തേടി മുന്നേ ഓടുന്നവരുടെ കൈകളിലാണ് ഇന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ്. കല്‍മാഡിമാരുടെ യുഗം അവസാനിക്കുന്നില്ല അവര്‍ പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു. വടക്കേ ഇന്ത്യന്‍ ഗോസായിമാരുടെ കൈകളിലായ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ശുദ്ധീകരണം സ്വപ്‌നം മാത്രം.
അടിമകളായി നില്‍ക്കുന്നവര്‍ക്ക് വാല്യക്കാരായി ലാഭം നേടാം. അതിന് എന്ത് തരികിടയും കാണിക്കാം. എതിര്‍ ശബ്ദങ്ങള്‍ ട്രാക്കിന് പുറത്താകും. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഒളിംപിക്‌സ്, ലോക ചാംപ്യന്‍ഷിപ്പ് മെഡല്‍ സാധ്യതകള്‍ ഏറെ അകലെയാണ്. കോടികള്‍ ഒഴുക്കിയിട്ടും ഗതിമാറി ഒഴുകുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ കുലം മുടിക്കുന്ന കുലം കുത്തികളെക്കുറിച്ചാണ് ഈ അന്വേഷണ പരമ്പര.
അന്ന് അങ്കിത് ഇന്ന് ചിത്ര
വര്‍ഷം 2015. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച സമയം. ക്യാംപിന് വന്നില്ലെന്ന കാരണത്താല്‍ ലോങ് ജംപ് താരം അങ്കിത് ശര്‍മ ഇന്ത്യന്‍ ടീമിന് പുറത്തായി. തിരുവനന്തപുരം കാര്യവട്ടത്തെ എല്‍.എന്‍.സി.പിയില്‍ കോച്ച് നിഷാദിന് കീഴിലായിരുന്നു അന്ന് അങ്കിതിന്റെ പരിശീലനം. ഇന്ന് പി.യു ചിത്രയുടെ കാര്യത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന് ഒപ്പം വരില്ലെങ്കിലും അങ്കിതിന് വേണ്ടിയും മാധ്യമങ്ങള്‍ രംഗത്തിറങ്ങി. ഇന്ന് ചിത്രയോടു പറഞ്ഞതിനേക്കാള്‍ ബാലിശമായ കാരണങ്ങളായിരുന്നു അന്ന് അങ്കിതിനെതിരേ പറഞ്ഞത്. ദേശീയ ക്യാംപില്‍ നിന്ന് പാതി വഴിക്ക് മുങ്ങി എന്ന ആരോപണം മുതല്‍ എവിടെയാണ് അങ്കിത് ട്രെയിനിങ് ചെയ്യുന്നത് എന്നറിയില്ല എന്ന് വരെ ഫെഡറേഷന്‍ പറഞ്ഞു വച്ചു. ഒടുവില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം അങ്കിതിനെ ടീമില്‍ ഉള്‍പ്പെടുത്തി. ചാംപ്യന്‍ഷിപ്പിന് തൊട്ടുമുന്‍പ് പരിശീലനം കൃത്യമായി നടത്തേണ്ട വിലപ്പെട്ട 12 ദിവസമാണ് അങ്കിത് ശര്‍മക്ക് നഷ്ടമായത്. ഫെഡറേഷന്റെ ചതിയുടെ മറ്റൊരിര റിയോ ഒളിംപിക്‌സ് പട്ടികയില്‍ നിന്ന് പുറത്തായ അനു രാഘവന്‍. 4-400 റിലേ ടീമില്‍ നിന്ന് അവസാന നിമിഷം അനു പുറത്തായി. നീതിക്കായി കോടതിയില്‍ എത്തിയെങ്കിലും റിയോയിലെ ട്രാക്ക് അനുവിന് നഷ്ടമായി. കേസ് ഇന്നും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇരകള്‍ക്ക് വ്യത്യാസമില്ലെന്ന് തെളിയിച്ച് പി.യു ചിത്രയും അജയകുമാര്‍ സരോജും ആ പട്ടികയിലേക്ക്.
തിരിഞ്ഞു കൊത്തുന്ന ചരിത്രം
1983 ലാണ് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് തുടക്കമായത്. 34 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെ. ട്രാക്കിലും ഫീല്‍ഡിലും ലോക രാജ്യങ്ങള്‍ ആകെ നേടിയ മെഡല്‍ എണ്ണം 2036. ഇതില്‍ ഇന്ത്യയുടെ സമ്പാദ്യം എന്ത്. കായിക മുന്നേറ്റത്തിനായി കോടികള്‍ ഒഴുക്കുന്ന രാജ്യത്തിന്റെ നേട്ടം കണ്ടാല്‍ ഒന്നു ഞെട്ടും. കിട്ടിയ മെഡല്‍ ഒന്ന് മാത്രം. മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 91. ഏറ്റവും അവസാന വരിയില്‍ നിന്നും മുകളിലേക്ക് എണ്ണിയാല്‍ നാലാമത്. നമ്മുടെ രാജ്യത്തിന് പിറകില്‍ ഉള്ളത് ഇറാനും സഊദി അറേബ്യയും സിംബാബ്‌വേയും. എത്ര കേമമം, അല്ലെ നമ്മുടെ സ്ഥിതി. ഇക്കാലത്തിനിടയ്ക്ക് ഒരു അഞ്ജുവിനെ മാത്രമാണ് നമുക്ക് സൃഷ്ടിക്കാനായതെന്നത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവി എവിടെ എത്തി നില്‍ക്കുന്ന എന്നതിന്റെ നേര്‍ കാഴ്ചയാണ്.
യോഗ്യതയില്ലാത്ത സെലക്ഷന്‍
എന്താണ് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരത്തിന് വേണ്ട യോഗ്യത. താരങ്ങള്‍ക്കും പരിശീലകര്‍ക്കും അതറിയില്ല. എ.എഫ്.ഐയുടെ വെബ്‌സൈറ്റില്‍ മാനദണ്ഡം കണ്ടെത്താനാവില്ല. അത്‌ലറ്റിക്‌സിന് ഏറെ പ്രാമുഖ്യം നല്‍കുന്ന അമേരിക്കയും കാനഡയും ബ്രിട്ടനും ജമൈക്കയും എന്തിന് ശ്രീലങ്ക വരെ തങ്ങളുടെ താരങ്ങള്‍ക്ക് മുന്‍കൂട്ടി യോഗ്യത മാനദണ്ഡങ്ങള്‍ നല്‍കാറുണ്ട്. സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇവിടെ അതൊന്നും സംഭവിക്കുന്നില്ല.
നിങ്ങള്‍ ഓടിയോ ചാടിയോ എറിഞ്ഞോ മെഡലുകള്‍ നേടി എത്ര മികച്ച പ്രകടനം നടത്തിയാലും അവസാന തീരുമാനം ഫെഡറേഷന്റേത് മാത്രമാണ്. അവിടെ കഴിവിനും മികച്ച പ്രകടനത്തിനും കാര്യമില്ല. ആരൊക്കെ ലോക ചാംപ്യന്‍ഷിപ്പിനും ഒളിംപിക്‌സിനുമൊക്കെ പോകണമെന്ന് ഫെഡറേഷന്‍ തീരുമാനിക്കും. കായിക താരങ്ങളെയെല്ലാം വാല്യക്കാരായി കാണുന്ന മേലാളര്‍ ഭരിക്കുമ്പോള്‍ ഇതിലപ്പുറം ഒന്നും സംഭവിക്കാനില്ല. മത്സര ഫലങ്ങള്‍ നിര്‍ണയിക്കുന്നത് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്. അവിടെ യോഗ്യത നേടുന്നവരെ തിരഞ്ഞെടുക്കാന്‍ എന്തിന് മറ്റൊരു സെലക്ഷന്‍ കമ്മിറ്റി. ഫെഡറേഷനെയും നായകരെയും നമിച്ചു നില്‍ക്കുന്ന വാല്യക്കാര്‍ക്ക് ടി.എയും ഡി.എയും സുഖവാസവും കിട്ടാനുള്ള ഒരു സംവിധാനം മാത്രമായി സെലക്ഷന്‍ കമ്മിറ്റി മാറിയിരിക്കുന്നു.
സര്‍ക്കാര്‍ ചെലവിലെ വിനോദം
കാട്ടിലെ തടി തേവരുടെ ആന. വലിയെട വലി... ഓരോ ലോക ചാംപ്യന്‍ഷിപ്പും ഒളിംപിക്‌സും വിനോദ സഞ്ചാരത്തിന്റെ പറുദീസയാണ്. അവിടെ പറന്നിറങ്ങിവര്‍ക്ക് പിന്നെ മടക്കമില്ല. ചോദ്യങ്ങളില്ലാതെ ഉത്തരവ് പാലിക്കുന്ന വാല്യക്കാര്‍. അവര്‍ക്ക് ഫെഡറേഷന്‍ നല്‍കുന്ന സമ്മാനം. ഇത്തവണ 24 താരങ്ങള്‍ക്ക് 13 ഒഫിഷ്യല്‍സ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മുതല്‍ ഒരു താരത്തെ പോലും സൃഷ്ടിക്കാത്ത പരിശീലകര്‍ വരെ. വിശാല്‍കുമാര്‍ ദേവ് എന്ന ഒഡിഷ കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ടീം നായകന്‍. ഇത് ഒരു പ്രത്യുപകാരമാണ്. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് വിജയിപ്പിച്ചതിനുള്ള സമ്മാനമത്രേ ലണ്ടന്‍ യാത്ര. റിയോയില്‍ കേന്ദ്ര കായിക മന്ത്രിയും പരിവാരങ്ങളും ഇടിച്ചു കയറി ഉണ്ടാക്കിയ നാണക്കേട് ഇതുവരെ മാറിയിട്ടില്ല. കഠിനധ്വാനം ചെയ്യുന്ന താരങ്ങളുടെ പേരില്‍ സുഖിക്കാനുള്ളവരായി ഒഫിഷ്യലുകള്‍ മാറുന്നു. ഒരു ശിഷ്യ മാത്രമുള്ള പി.ടി ഉഷ മുതല്‍ ഒരു താരത്തെ പോലും പരിശീലിപ്പിക്കാനില്ലാത്ത അഞ്ജു ബോബി ജോര്‍ജ് വരെ കോച്ചുമാരുടെ പട്ടികയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്.
ഒരേയൊരു നീരജ്
മെഡല്‍ നേടുമെന്നുറപ്പുള്ളവരാണ് ലണ്ടനിലേക്ക് പറന്നത്. ചിത്രയെ ഒഴിവാക്കാന്‍ പറഞ്ഞ കാരണങ്ങളില്‍ ഒന്നായിരുന്നു ഇത്. ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയില്‍ മാത്രമാണ് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ. മെഡല്‍ നേടുമെന്ന് എല്ലാവരും വിശ്വസിക്കുന്ന താരം ലണ്ടനിലേക്ക് പോകുന്നത് പരിശീലകനില്ലാതെ. ജൂനിയര്‍ തലത്തിലെ ലോക റെക്കോര്‍ഡിന് ഉടമയായ നീരജിന് കോച്ചില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു. ഇന്ത്യക്ക് ഒരു വിദേശ പരിശീലകന്‍ ഉണ്ടായിരുന്നു. ഗാരി കാല്‍വര്‍ട്ട്. റിയോ ഒളിംപിക്‌സ് കഴിഞ്ഞതോടെ ഗാരി ചൈനയിലേക്ക് പറന്നു. 2020 വരെ കോണ്‍ട്രാക്ട് പുതുക്കണമെന്ന ആവശ്യമേ ഗാരി മുന്നോട്ടു വെച്ചുള്ളു. ലാഭത്തിലും കമ്മിഷനിലും മാത്രം വിശ്വസിക്കുന്ന ഫെഡറേഷന്‍ ഉന്നതര്‍ പരിശീലകന് കരാര്‍ പുതുക്കി നല്‍കിയില്ല. ഫലമോ ജാവലിന്‍ ത്രോയില്‍ പരിശീലകനില്ലാതായി. ചൈനയിലേക്ക് പറന്ന ഗാരി കാല്‍വര്‍ട്ട് അവിടെ ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനാണ്. ഭാവിയുടെ വരദാനങ്ങളായ എട്ട് ചൈനീസ് ജാവലിന്‍ താരങ്ങള്‍ക്ക് മെഡലുകളിലേക്ക് കുന്തമുന പായിക്കാന്‍ തന്ത്രങ്ങളൊരുക്കുന്നു. ഗാരി കാല്‍വര്‍ട്ട് എന്ന പരിശീലകന്‍ മോശക്കാരനല്ലെന്നതിന്റെ തെളിവ്.
ഗോസായിമാരും വാല്യക്കാരും
എന്താണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് സംഭവിക്കുന്നത്. ട്രാക്കിനങ്ങളില്‍ കേരളം ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ കരുത്താണ് രാജ്യത്തിന്റെ അഭിമാനം. ഈ താരങ്ങള്‍ സൃഷ്ടിക്കുന്ന നേട്ടങ്ങളുടെ പുറത്ത് അഭിരമിച്ചാണ് ഉത്തരേന്ത്യന്‍ ലോബി രാജ്യത്തെ കായിക മേഖല അടക്കി വാഴുന്നത്. ഫെഡറേഷന്റെ തന്ത്രപധാന കസേരകളില്‍ മലയാളി സാന്നിധ്യമുണ്ട്. സെക്രട്ടറി ജനറല്‍ സി.കെ വത്സനും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടോണി ഡാനിയലുമൊക്കെ.
കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യയുടെ തലപ്പത്ത് പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജുമുണ്ട്. എന്നിട്ടും എന്തേ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചിത്രയെയും സരോജിനെയും പോലുള്ള സാധാരണക്കാര്‍ ട്രാക്കിന് പുറത്തായി. സ്വന്തം നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കി ഉത്തരേന്ത്യന്‍ ഗോസായിമാരുടെ വാല്യക്കാരായി ചിലര്‍ മാറുമ്പോള്‍ കായിക താരങ്ങള്‍ക്ക് പ്രതീക്ഷ വേണ്ട. ഗോഡ്ഫാദര്‍മാരില്ലാത്ത താരങ്ങള്‍ എത്ര മികച്ചവരായാലും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."