യു.എ.പി.എ: അലനേയും താഹയേയും പുറത്താക്കി സി.പി.എമ്മില്‍ ശുദ്ധി കലശം: തെറ്റു ചെയ്തെങ്കില്‍ തിരുത്താനുള്ള അവസരംപോലും നല്കാതെയുള്ള നടപടിക്കെതിരേ വിമര്‍ശനം
കോഴിക്കോട്: പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനേയും താഹയേയും പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കി. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ജനറല്‍ ബോഡിയോഗത്തിന്റേതാണ് തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്നതായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. അറസ്റ്റിലായ അലന് മറ്റുസംസ്ഥാനത്തുനിന്നുള്ള മാവോയിസ്റ്റ് നേതാക്കളുമായി പാലക്കാട് വെച്ച് കൂടിക്കാഴ്ച നടത്തിയതായി പൊലിസ് പറഞ്ഞിരുന്നു. കൂടാതെ അലന് ആറ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും ഫോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചിരുന്നു.
അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ പൊലിസ് ഭാഷ്യം അതുപോലെ പാര്‍ട്ടിയും വിശ്വസിച്ചു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കു്ട്ടികള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താനുള്ള അവസരം കൂടിയാണ് പാര്‍ട്ടി നിഷേധിച്ചതെന്നും അഭിപ്രായമുണ്ട്. പൊലിസ് കോടതി നടപടികള്‍ അവസനാനിക്കുന്നതോടെ ഇവരുടെ ഭാവി കൂടി അവതാളത്തിലാകും. ഇത്തരം മാനുഷിക പരിഗണന പോലും പാര്‍ട്ടി ചെവികൊണ്ടില്ലെന്ന ആക്ഷേപവും ശക്തമാകുകയാണ്. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്കു കീഴിലാണ് അലന്.
അതിനിടെ അലന് ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് നീക്കം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."