ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ രാജ്യക്കാരായ ആറ് പേര്‍ മരിച്ചു
റഹ്മാന്‍ നെല്ലാങ്കണ്ടി
മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ നിര്‍മാണ സ്ഥലത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ആറ് വിദേശ തൊഴിലാളികള്‍ മരിച്ചു. തലസ്ഥാന നഗരിയിലെ സുപ്രധാന ജല വിതരണ പൈപ്പ്‌ലൈന്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റില്‍ 14 മീറ്റര്‍ താഴെയുള്ള പൈപ്പിന്റെ ഒരു ഭാഗത്താണ് ആറ് പേരും ജോലി ചെയ്തിരുന്നത്.
രക്ഷാപ്രവര്‍ത്തകര്‍ അവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തിങ്കളാഴ്ച ഉച്ച്ചയോടെയാണ് മൃത ദേഹങ്ങള്‍ പുറത്തെടുത്തത്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 300 മീറ്ററോളം നീളമുള്ള കോണ്‍ക്രീറ്റ് പൈപ്പിന്റെ അടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സിലെ (പിഎസിഡിഎ) ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കനത്ത മഴ ഉണ്ടായിരുന്നിട്ടും, തൊഴിലാളികള്‍ സൈറ്റില്‍ പണി തുടര്‍ന്ന് കൊണ്ടിരിരുന്നതാണ് അപകടത്തിന് കാരണമായത്. പെട്ടെന്ന് മഴവെള്ളം വന്നു, അവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. ഇത് നിര്‍ഭാഗ്യവശാല്‍ അവരുടെ മരണത്തിലേക്ക് നയിച്ചു.ഒരു ടണലിംഗ് കമ്പനി നടപ്പിലാക്കുന്ന വാട്ടര്‍ പൈപ്പ്‌ലൈന്‍ പദ്ധതിയിലാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
ആറ് തൊഴിലാളികളുടെ മരണത്തെത്തുടര്‍ന്ന്, അത്തരം പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകടമുണ്ടാകാതിരിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പൈപ്പ് ഇടുന്നതിലും ജലവിതരണ പദ്ധതികളിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളോട് സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു,
മരിച്ച ആറ് തൊഴിലാളികളുടെ പൗരത്വം അറിയാന്‍, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥന്മാര്‍ റോയല്‍ ഒമാന്‍ പോലീസുമായും പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ നടത്തുന്ന ഡോക്ടര്‍മാരുമായും ബന്ധപ്പെട്ടു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."