'വര്‍ത്തമാനകാലവും സ്ത്രീസമൂഹവും'; എം.സി ജോസഫൈന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ സ്ത്രീകള്‍ എത്തിയില്ല, ശൂന്യമായ ഇരിപ്പിടങ്ങള്‍ ചര്‍ച്ചയാവുന്നു
കോഴിക്കോട്: വര്‍ത്തമാനകാലവും സ്ത്രീസമൂഹവും എന്ന വിഷയത്തില്‍ സംസാരിക്കാനെത്തിയ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് സംസാരിക്കേണ്ടി വന്നത് ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍. പതിവ് ദേഷ്യപ്പെടല്‍ ഇവിടെ പുറത്തെടുത്തെങ്കിലും ഒടുവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച പരിപാടിയില്‍ ചടങ്ങിനൊരു പ്രസംഗം കാച്ചി ജോസഫൈന്‍ മടങ്ങി.
തിങ്കളാഴ്ച രാവിലെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിച്ച് 10.30 മുതല്‍ സെമിനാറും ഉദ്ഘാടനവുമായിരുന്നു പരിപാടി. ആളുകള്‍ എത്തിയില്ലെന്നറിഞ്ഞതോടെ 10.30ന് എത്തേണ്ട ജോസഫൈന്‍ പരമാവധി വൈകിച്ചു. 11.20 ഓടെ വേദിയില്‍ എത്തിയെങ്കിലും വനിതാ കമ്മിഷന്‍ അംഗങ്ങളും കൗണ്‍സിലര്‍മാരും കുടുംബശ്രീ സി.ഡി.എസുമാരും മാധ്യമപ്രവര്‍ത്തകരുമല്ലാതെ മറ്റാരുമുണ്ടായില്ല. സദ്യസരെയും കാത്ത് 12.30 വരെ ജോസഫൈന്‍ സദസില്‍ തന്നെയിരുന്നു. ഇതിനിടയില്‍ സംഘാടനത്തിന്റെ പിഴയാണെന്നു പറഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തരോട് ജോസഫൈന്‍ ചൂടായി. കുറച്ചുപേരെ ഒരു വശത്തിരുത്തി പരിപാടി തുടങ്ങുകയായിരുന്നു.
കുടുംബശ്രീയെ ആണ് പരിപാടിയുടെ സംഘാടനം ഏല്‍പ്പിച്ചത്. ജില്ല സി.ഡി.എസുമാര്‍ അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരിപാടിക്കെത്തിയത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.
ജോസഫൈന്റെ നിലപാട് കാരണമാണ് കേള്‍ക്കാന്‍ ആരും എത്താത്തതെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുകയാണ്. ഏറെ പ്രതിഷേധത്തിനിടയാക്കിയ വാളയാര്‍ കേസിലടക്കം വേണ്ട ഇടപെടല്‍ നടത്താന്‍ ജോസഫൈന്‍ തയ്യാറായില്ലെന്ന് കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."