HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരിക്കും
backup
November 12 2019 | 12:11 PM
മുംബൈ: ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് വിജ്ഞാപനമിറങ്ങി. ബി.ജെ.പി, ശിവസേന, എന്‍.സി.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഗവര്‍ണര്‍ ഭഗത് സിങ് കൊശ്യാരി കേന്ദ്രത്തിനും രാഷ്ട്രപതിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് നിര്‍ദേശം നല്‍കിയത്.
പിന്നീട് രാഷ്ട്രപതി വിജ്ഞാപനം ഇറക്കുകയായിരുന്നു. ഭരണഘടനാ അനുഛേദം 356 പ്രകാരമാണ് അടുത്ത ആറ് മസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഭൂരിപക്ഷം തെളിയിക്കുന്നതിനായി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ എന്‍.സി.പിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതിന് 48 മണിക്കൂര്‍ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം ഗവര്‍ണര്‍ക്ക് കത്തു നല്‍കിയെങ്കിലും ഇത് നിരസിച്ച ഗവര്‍ണര്‍ ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ആവശ്യത്തിന് സമയം നല്‍കിയില്ലെന്ന് കാണിച്ച് ശിവസേന സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് 48 മണിക്കൂര്‍ അനുവദിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് ലഭിച്ചതെന്നും കാണിച്ചാണ് ഹരജി സമര്‍പ്പിച്ചത്. 288 അംഗ നിയമസഭയില്‍ കേവലം ഭൂരിപക്ഷം മറികടക്കാന്‍ 145 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് നിലവില്‍ 105 എംഎല്‍എമാരാണുള്ളത്. 17 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയും ബി.ജെ.പി അവകാശപ്പെട്ടിരുന്നു. ശിവസേനയ്ക്ക് 56ഉം, എന്‍.സി.പിക്ക് 52ഉം സീറ്റുകള്‍ വീതം ഉണ്ട്. കോണ്‍ഗ്രസിന് 44 സീറ്റാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."