യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് കീഴടങ്ങിയതായി സൂചന
കൊല്ലം: ഒന്‍പതു മാസം മുന്‍പ് വിവാഹിതയായ യുവതിയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുണ്ടറ മുളവന ചരുവിള പടിഞ്ഞാറ്റതില്‍ മോഹന്‍ - ബിന്ദു ദമ്പതികളുടെ മകള്‍ കൃതി (25) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പോയ ഭര്‍ത്താവ് കൊല്ലം എസ്.എന്‍ കോളജ് ജങ്ഷന് ദേവി പ്രിയയില്‍ വൈശാഖ് പൊലിസില്‍ കീഴടങ്ങിയതായാണ് വിവരം. തിങ്കളാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. കൃതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്ക് കൃതിയുടെ മുളവനയിലുള്ള വീട്ടില്‍ വൈശാഖ് എത്തിയിരുന്നു. തുടര്‍ന്ന് കൃതിയും വൈശാഖും മുറിയില്‍ തന്നെ ഇരുന്ന് സംസാരിക്കുകയായിരുന്നു. 10.45 ആയിട്ടും ഇരുവരും ഭക്ഷണം കഴിക്കാന്‍ വരാതിരുന്നതിനെ തുടര്‍ന്ന് അമ്മ വാതില്‍ തട്ടി വിളിച്ചു. വാതില്‍ തുറന്നപ്പോള്‍ കൃതി അബോധാവസ്ഥയില്‍ കിടക്കുന്നതായാണ് കണ്ടത്. കുഴഞ്ഞു വീണതെന്നു പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോകാനായി പുറത്തിറങ്ങിയ വൈശാഖ് കാറുമായി കടന്നു കളയുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹം. കൃതിയുടെ രണ്ടാം വിവാഹവും വൈശാഖിന്റെ ആദ്യവിവാഹവുമായിരുന്നു. കൃതിക്ക് ആദ്യത്തെ വിവാഹത്തില്‍ മൂന്നു വയസുള്ള ഒരു മകളുണ്ട്. സ്വത്തിനും പണത്തിനുമായി കൃതിയെ പലപ്പോഴും മര്‍ദിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."