ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവിന്റെ മരണം അന്വേഷണത്തിന് പ്രത്യേക സംഘം; 15 പേര്‍ക്കെതിരേ കേസ്
കോട്ടക്കല്‍: ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് വിഷം അകത്തു ചെന്നു മരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസെടുത്തു. പുതുപ്പറമ്പില്‍ വാടകക്കു താമസിക്കുന്ന പൊറ്റയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന് സാഹിര്‍ (22 ) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. സാഹിര്‍ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ഇയാളെ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. സാഹിറിന്റെ ബന്ധുക്കളുടെ പരാതിയിലാണ് സംഭവത്തിലുള്‍പ്പെട്ട 15 പേര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ജില്ലാ പൊലിസ് മേധാവി യു.അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: ഞായറാഴ്ച വൈകുന്നേരം പുതുപ്പറമ്പിനടുത്ത മഞ്ഞമാട് എന്ന സ്ഥലത്തെ ഓവു പാലത്തിനടുത്തു വച്ച് സാഹിറിനെ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ള 15 ഓളം പേര് ചേര്‍ന്നു തടഞ്ഞുവച്ച് മര്‍ദിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ കൊണ്ടു പോയി ചില കടലാസുകളില്‍ ഒപ്പുവയ്പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ സാഹിറിന്റെ സഹോദരനെയും സുഹൃത്തിനെയും ഇവര്‍ മര്‍ദിച്ചു. പിന്നീട് സാഹിറിന്റെ പിതാവെത്തിയപ്പോള്‍ മേലില്‍ ഒന്നും ഉണ്ടാവരുതെന്നു എഴുതി ഒപ്പിട്ടു വാങ്ങുകയും ഇവരെ മോചിപ്പിക്കുകയുമായിരുന്നു. വീട്ടിലെത്തിയ സാഹിര്‍ ഇനി ജീവിച്ചിട്ടു കാര്യമില്ലെന്നും തന്റെ നഗ്നചിത്രങ്ങളെടുത്തിട്ടുണ്ടെന്നും പറഞ്ഞു റൂമില്‍ കയറി എന്തോ സാധനം വായിലിട്ടു പുറത്തേക്കു ഓടുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.
നേരത്തെപെണ്കുട്ടിയുടെ പിതാവു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 29ന് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീതു നല്കി വിട്ടിരുന്നു. സംഭവത്തില്‍ 15 ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് എസ്.പി പറഞ്ഞു. സാഹിറിന്റെ മാതാവ്: ശൈലജ. സഹോദരങ്ങള്‍: സബീല്‍, സംലീന, സഹന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."