ബാബരി തകര്‍ത്ത കേസ് പ്രത്യേക കോടതി ഏപ്രിലില്‍ വിധി പറഞ്ഞേക്കും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്നൗവിലെ പ്രത്യേക കോടതി ഏപ്രിലില്‍ വിധി പറഞ്ഞേക്കും. കേസ് ഇതുവരെ പരിഗണിച്ച ജഡ്ജി എസ്.കെ യാദവിന്റെ കാലാവധി ഏപ്രിലില്‍ തീരുന്ന പശ്ചാത്തലത്തിലാണിത്. ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് വിരമിച്ച എസ്.കെ യാദവിന്റെ കാലാവധി അദ്ദേഹത്തിന്റെ തന്നെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി ഏപ്രില്‍ വരെ നീട്ടി നല്‍കിയിരുന്നു.
ഒന്‍പത് മാസത്തിനുള്ളില്‍ വിധി പറയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സിറ്റിങ് എം.പിമാരായ ബ്രിജ്ഭൂഷന് സിങ്, സാക്ഷി മഹാരാജ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരാണ് കേസിലെ പ്രതികള്‍.
ആയിരം പ്രോസിക്യൂഷന് സാക്ഷികളില്‍ 348 പേരെ വിസ്തരിച്ചു. സാക്ഷികളില്‍ പലരും മരിച്ചു പോയവരും മറ്റു ചിലര്‍ പ്രായാധിക്യം നേരിടുന്നവരും നേരത്തെയുള്ള വിലാസത്തില്‍നിന്ന് മാറിത്താമസിച്ചവരുമൊക്കെയായതിനാല് പ്രോസിക്യൂഷന് ഇക്കാര്യത്തില്‍ ഏറെ മുമ്പോട്ടു പോകാനായിട്ടില്ല. 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്.
ഇതെത്തുടര്‍ന്ന് മസ്ജിദ് തകര്‍ക്കുക, തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന എന്നിങ്ങനെ രണ്ടു കേസുകളാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. തകര്‍ത്ത കേസ് ലഖ്നൗവിലും ഗൂഢാലോചനാ കേസ് റായ് ബറേലിയിലുമായിരുന്നു. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് രണ്ടുകേസും ഒന്നാക്കി.
തകര്‍ത്ത കേസില്‍ 22 പ്രതികളാണുണ്ടായിരുന്നത്. അതിലൊരാള്‍ മരിച്ചു. പവന് പാണ്ഡെ, ബ്രിജ് ഭൂഷണ് സിങ്, ആര്.എന്‍ ശ്രീവാസ്തവ, ലല്ലു സിങ്, സാക്ഷി മഹാരാജ് എന്നിവരാണ് ഇതില്‍ പ്രമുഖര്‍.
റായ്ബറേലി കേസിലെ പ്രതികളായ വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ ഗിരിരാജ് കിഷോര്‍, അശോക് സിംഗാള്‍, വി.എച്ച് ഡാല്‍മിയ തുടങ്ങിയവര്‍ മരിച്ചു. അദ്വാനിയുള്‍പ്പെടെ അഞ്ചുപേരാണ് ജീവിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."