അനന്തരാജിനും കുടുംബത്തിനും താങ്ങായി ജനമൈത്രി പൊലിസ്
കമ്പളക്കാട്: ലിവറിന് കാന്‍സര്‍ ബാധിച്ച് കിടപ്പിലായ തേര്‍വാടികുന്ന് കാവുവയലിലെ അനന്തരാജിന്റെയും ദേഹമാസകലം വേദനയുമായി കഴിയുന്ന മകള്‍ 23 കാരി രമ്യയ്ക്കും കമ്പളക്കാട് പൊലിസിന്റെ സഹായം. ഇവരുടെ ദയനീയകഥ സുപ്രഭാതം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനെ തുടര്‍ന്നാണ് കമ്പളക്കാട് എസ്.ഐ അജേഷ്, എ.എസ്.ഐമാരായ ആന്റണി, റസാഖ്, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ സുനില്‍കുമാര്‍, സുലോചന എന്നിവര്‍ അനന്തരാജിന്റെ വീട്ടിലെത്തിയത്. സമൂഹത്തിലെ ഇത്തരം കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കാന്‍ എല്ലാ സുമനസ്സുകളും തയാറാവണമെന്ന് എസ്.ഐ അജേഷ് ആവശ്യപ്പെട്ടു. ഈ മേഖലയില്‍ മാധ്യമങ്ങളുടെ പങ്ക് പ്രശംസനീയമാണെന്നും അനന്തരാജും കുടുംബവും സഹായം അര്‍ഹിക്കുന്നവരാണെന്നും ആവശ്യമെങ്കില്‍ കോഡിനേറ്റ് ചെയ്യാന്‍ പൊലിസ് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ജനമൈത്രി പൊലിസിന്റെ വക സഹായവും എസ്.ഐ കുടുംബത്തെ ഏല്‍പിച്ചു. നാട്ടുകാരുടേയും സന്നദ്ധ സംഘടനകളുടേയും അടിയന്തര ശ്രദ്ധ ഈ കുടുംബത്തിലുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയിടെയുണ്ടായ വിദ്യാര്‍ഥികളുടെ ആത്മഹത്യയിലുള്‍പ്പെടെ എസ്.ഐ അജേഷിന്റെ നേതൃത്വത്തിലുള്ള കമ്പളക്കാട് പൊലിസിന്റെ മനുഷ്യത്വപരമായ നീക്കങ്ങളും ഇടപെടലുകളും മതിപ്പും ആത്മവിശ്വാസവും ഉണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."