പൊലിസിനെ വൈരാഗ്യബുദ്ധിയോടെ കാണാന്‍ ഉദ്യേശിക്കുന്നില്ല: ജസ്റ്റിസ് വി.കെ മോഹനന്‍
കോഴിക്കോട്: പൊലിസിനെ ഒരിക്കലും വൈരാഗ്യബുദ്ധിയോടെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പൊലിസ് കംപ്ലയ്ന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ മോഹനന്‍. ആരുടെയെങ്കിലും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെങ്കില്‍ അതിനെ ഗൗരവമായി കാണുകയും നടപടിയെടുക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു . കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ആധുനിക കാലഘട്ടത്തില്‍ പൊലിസിങ് നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര പരിധിവിട്ട് പെരുമാറുന്ന ഉദ്യോഗസ്ഥന്‍മാര്‍ നിയമത്തില്‍ കുടുങ്ങുകയും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പൊലിസിനു മൈത്രി സ്വഭാവം വേണമെങ്കില്‍ അതിനു പ്രാരംഭഘട്ടത്തില്‍ തന്നെ തുടക്കമിടണം. ജനസൗഹൃദ പൊലിസായി മാറുന്നതിനവര്‍ക്ക് സാമൂഹിക വീക്ഷണമുണ്ടാവണം.
മാധ്യമങ്ങളിലെ ജനാധിപത്യപരമായ ചര്‍ച്ചകളെ അംഗീകരിക്കണം. മാധ്യമ ചര്‍ച്ചകള്‍ പൊലിസിന്റെ അന്വേഷണത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന തിരിച്ചറിവ് മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഷാജി അധ്യക്ഷനായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, അഡ്വ. ഇ.കെ. നാരായണന്‍, അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ ദീപ നിശാന്ത്, കേരളാ പൊലിസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എസ്. ഷൈജു, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡി.കെ പൃഥ്വിരാജ്, ടി.ബാബു, പ്രേംജി കെ. നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."