യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ചും കത്തി കഴുത്തില്‍വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും രണ്ടുലക്ഷം രൂപയും ഇന്നോവ കാറും കവര്‍ച്ച ചെയ്ത കേസിലെ രണ്ടുപേര്‍ പിടിയില്‍.
എടവണ്ണപ്പാറ ഓമാനൂര്‍ സ്വദേശികളായ മാടശ്ശേരി തെക്കേത്തൊടി വീട്ടില്‍ അമീറലി (27), കളരിപ്പറമ്പില്‍ ഷാജഹാന്‍ (36) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം. അന്ന് രാത്രിയോടെ പെരിന്തല്‍മണ്ണ ആയിഷാ കോംപ്ലക്‌സില്‍ തമ്പടിച്ചിരുന്ന പ്രതികള്‍ യുവാവിനെ ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന വ്യാജേന വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓമാനൂര്‍ ഭാഗത്തുള്ള വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും യുവാവിന്റെ ഇന്നോവാ കാറും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപയും കൈക്കലാക്കിയ ശേഷം ഇയാളെ കൊണ്ടോട്ടിയില്‍ ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തിരുന്നു.
അറസ്റ്റിലായ രണ്ടുപേരുള്‍പ്പെടെ ഒന്‍പതുപേരാണ് സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ പ്രത്യേക പൊലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കകം രണ്ടുപേര്‍ വലയിലായത്. മുഴുവനാളുകളെയും സംബന്ധിച്ച് വിവരം ലഭിച്ചതായും മറ്റുള്ളവര്‍ക്കൂടി ഉടന്‍ പിടിയിലാകുമെന്നും പൊലിസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍ തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു, എസ്.ഐ മഞ്ജിത്ത് ലാല്‍, എ.എസ്.ഐ അബ്ദുസലാം, ഉദ്യോഗസ്ഥരായ സി.പി മുരളി, എന്‍.ടി കൃഷ്ണന്‍കുമാര്‍, വിപിന്‍ ചന്ദ്രന്‍, പ്രഭുല്‍, പ്രമോദ്, ജയന്‍, അജീഷ്, ഷാജി, വിപിന്‍, ജയമണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."