ഇരുട്ടിന്റെ മറവില്‍ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍; പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സര്‍വകക്ഷി യോഗം
പള്ളിക്കല്‍: തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട പള്ളിക്കല്‍ പഞ്ചായത്തിലെ ചെട്ടിയാര്‍മാട്, കോഴിപ്പുറം, കാക്കഞ്ചേരി എന്നിവിടങ്ങളിലായി കഴിഞ്ഞ ഒരാഴചക്കുള്ളില്‍ അര്‍ധരാത്രിയിലുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായ അക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലിരിക്കെ തേഞ്ഞിപ്പലം എസ്.ഐ എം. ബിനു തോമസ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. അക്രമികളെ ഇതു വരെ പിടികൂടാത്തതിനെതിരേ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു. അക്രമങ്ങള്‍ അമര്‍ച്ചചെയ്യുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് യോഗത്തില്‍ എസ്.ഐ ഉറപ്പ് നല്‍കി.
തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് മൂന്ന്അക്രമ സംഭവങ്ങളുണ്ടായത്. മൂന്ന് അക്രമണങ്ങളിലായി ഒരു വീടിന്റെ ജനലുകളും രണ്ട് വാഹനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്.
മൂന്ന് അക്രമണവും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ അര്‍ധരാത്രിയില്‍ ഇരുട്ടിന്റ മറവിലെത്തിയ അക്രമകാരികളെകുറിച്ച് പൊലിസിന് ഇതു വരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ഇനിയുള്ള ദിവസങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തമാക്കാനാണ് പൊലിസിന്റെ തീരുമാനം. അസമയത്ത് കാണുന്നവരെ നിരീക്ഷിക്കും. കുറ്റവാളികളെ പിടികൂടുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലിസുമായി പൂര്‍ണമായും സഹകരിക്കുമെന്ന് യോഗത്തില്‍ വാഗ്ദാനം ചെയ്തു.
മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വില്‍പ്പനക്കാരെ കുറിച്ച് പൊലിസിന് രഹസ്യ വിവരം നല്‍കാനും ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."