മകന്റെ വിവാഹം: മഅ്ദനിയുടെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: മൂത്തമകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളുരുവിലെ പ്രത്യേക എന്‍.ഐ.എ കോടതി അനുമതി നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചത്.
അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം ഈ മാസം 24ന് ഭാഗികമായി മാത്രമാണ് ബംഗളുരുവിലെ പ്രത്യേക എന്‍.ഐ.എ കോടതി അംഗീകരിച്ചത്.
മാതാപിതാക്കളെ കാണാന്‍ അടുത്തമാസം ഒന്നുമുതല്‍ ആറുവരെ കേരളത്തില്‍ കഴിയാന്‍ വിചാരണക്കോടതി അനുമതി നല്കി. എന്നാല്‍ അടുത്തമാസം ഒമ്പതിനു നടക്കുന്ന മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിന് കോടതി അനുമതി നല്‍കിയില്ല. ഈ നടപടി നീതിനിഷേധമാണെന്നും പിതാവിനെ കാണാനും മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, ഹാരിസ് ബീരാന് എന്നിവര്‍ മുഖേന മഅ്ദനി ഹരജി നല്‍കിയത്.
ബംഗളൂരു സ്ഫോടനക്കേസില്‍ 31ാം പ്രതിയായ മഅ്ദനി നിലവില്‍ ജാമ്യത്തിലാണ്. ബംഗളൂരുനഗരം വിട്ടുപോവരുതെന്ന വ്യവസ്ഥയോടെയാണ് അദ്ദേഹത്തിനു ജാമ്യംലഭിച്ചത്. അതിനാല്‍ കേരളത്തിലേക്കു വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുവേണമെന്നാണ് മഅ്ദനിയുടെ ആവശ്യം. മൂന്നാഴ്ചത്തെ ഇളവാണ് മഅ്ദനി ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."