നര്‍സിങിനെ പേടിച്ച് റഷ്യ
ചതി വന്‍ ചതി. റഷ്യയുടെ ഈ വാക്കുകള്‍ കേട്ടാണ് റിയോ ഇന്നലെ ഉണര്‍ന്നത്. ആദ്യം ആര്‍ക്കും കാര്യം പിടികിട്ടിയില്ല- സംഗതി എന്താണെന്ന്. പതിയെ ചിത്രം തെളിഞ്ഞു വന്നു. ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവിന് നേരെയാണ് റഷ്യയുടെ വാക്കുകളുടെ മുന നീളുന്നത്. സംഭവം നിസാരമാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഒളിംപിക്‌സില്‍ മത്സരിക്കാന്‍ അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ നര്‍സിങിന് അനുമതി നല്‍കിയതാണ് റഷ്യയെ ചൊടിപ്പിച്ചത്.
തങ്ങള്‍ക്ക് നേരെ അടഞ്ഞ കണ്ണെന്തെ ഇന്ത്യക്ക് നേരെ തുറന്നു എന്നാണ് റഷ്യ പറയുന്നത്. റഷ്യയുടെ ആരോപണങ്ങള്‍ കാടുകയറിയതോടെ നര്‍സിങ് റിയോയില്‍ താരമായിരിക്കുകയാണ്.
ഏതാനും മണിക്കൂറുകള്‍ കൊണ്ട് റിയോയിലെങ്ങും സംസാര വിഷയം നര്‍സിങാണ്. പ്രമുഖ താരങ്ങള്‍ പലരും താരത്തിനോട് എന്താണ് റഷ്യക്കുള്ള പ്രശ്‌നം എന്ന് ചോദിച്ചറിയാന്‍ തുടങ്ങി. വെറൊന്നുമല്ല സംഭവം നര്‍സിങ് ഇന്ത്യയെ 74 കിലോ വിഭാഗം ഗുസ്തിയില്‍ പ്രതിനിധീകരിക്കുന്ന താരമാണ്. രണ്ടു തവണ ഉത്തേജക പരിശോധന നടത്തിയിട്ടും നര്‍സിങ് പരാജയപ്പെട്ടു. എന്നിട്ടും റിയോയില്‍ മത്സരിക്കാന്‍ താരത്തിന് അവസരം ലഭിച്ചുവെന്ന് വിമര്‍ശകര്‍ കണ്ടെത്തിയിരിക്കുന്നു. ഇതോടെ അവരും റഷ്യയുടെ പക്ഷം ചേര്‍ന്നു. ഇതെങ്ങനെ സാധിച്ചു എന്നാണ് റിയോയിലുള്ള പ്രമുഖ താരങ്ങള്‍ ചോദിക്കുന്നത്.
പലരും ഒളിഞ്ഞും തെളിഞ്ഞും താരത്തിനെതിരേ രംഗത്തു വന്നെങ്കിലും റഷ്യയാണ് ഇക്കാര്യത്തില്‍ നിലപാട് കൃത്യമായി വ്യക്തമാക്കിയിരിക്കുന്നത്. പിന്‍വാതില്‍ വഴി റിയോയിലെത്തിയ താരമാണ് നര്‍സിങ് എന്നാണ് അവരുടെ വാദം. ഇന്ത്യ ഉത്തേജക വിരുദ്ധ നടപടി ശക്തമാക്കണമെന്ന് വലിയ വായില്‍ വര്‍ത്തമാനം പറയുകയും അതോടൊപ്പം അത്തരം കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയുമാണെന്ന് റഷ്യ ആരോപിക്കുന്നു.
അതേസമയം നര്‍സിങാണെങ്കില്‍ വിവാദമൊന്നും അറിയാതെ മുംബൈയില്‍ പരിശീലനം നടത്തുകയാണ്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ താരത്തിന് ഉടനെ റിയോയിലേക്ക് വണ്ടി കയറാം. എന്നാല്‍ റഷ്യ ഇന്ത്യക്ക് എട്ടിന്റെ പണിയാണ് കൊടുത്തിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ വാഡയുടെ വിധി വരും. പക്ഷേ റഷ്യയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അത് അനുകൂലമാകുമോ എന്നാണ് ഇന്ത്യക്ക് ആശങ്ക.
പക്ഷേ ആരോപണങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ റിയോയിലെ ജനങ്ങള്‍ കൂട്ടചിരിയുമായിട്ടാണ് രംഗത്തെത്തിയത്. സംഭവമെന്തെന്നാല്‍ ഈ ഒളിംപിക്‌സില്‍ ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ ഏറ്റവുമധികം വിലക്ക് നേരിടുന്നത് റഷ്യന്‍ താരങ്ങളാണ.് അതിലുപരി റഷ്യന്‍ സര്‍ക്കാരിന്റെ ഉപയോഗത്തോടെയാണ് താരങ്ങളുടെ മരുന്നടി എന്നതാണ് ഗൗരവമേറിയ കാര്യം.
മരുന്നടിയുടെ പേരില്‍ പ്രമുഖ അന്താരാഷ്ട്ര ഫെഡറേഷനുകളെല്ലാം റഷ്യയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ദാക്ഷിണ്യത്തില്‍ 271 താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിച്ചു. 118 താരങ്ങള്‍ക്കാണ് വിലക്ക് ലഭിച്ചത്. ഇതിന്റെ ദേഷ്യം ഇന്ത്യക്കു മേല്‍ തീര്‍ക്കുകയാണ് എന്നാണ് വാദം. അതായത് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലപാട്.
ഇന്ത്യ സുഹൃദ്ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് റഷ്യ. പക്ഷേ ഭൂഖണ്ഡം വിട്ടതോടെ റഷ്യ കാലു മാറി. ഇന്ത്യയെ തിരിഞ്ഞു കൊത്തി. ഇതോടെ ഇന്ത്യന്‍ കായിക താരങ്ങള്‍ അന്തംവിട്ടു എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
പക്ഷേ വാസ്തവം എന്താണെന്നു വച്ചാല്‍ ഐ.ഒ.സി റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയതിനെ ഇന്ത്യയുടെ ദേശീയ ഉത്തേജക വിരുദ്ധ സമിതി വിമര്‍ശിച്ചിരുന്നു. ഇത് ഉത്തേജക ഉപയോഗത്തിന് കൂട്ടുനില്‍ക്കുന്ന നടപടിയാണെന്നായിരുന്നു നാഡയുടെ വാദം. ദിവസങ്ങള്‍ക്ക് ശേഷം നര്‍സിങിന്റെ കാര്യത്തില്‍ ഇത്തരമൊരു തീരുമാനം നാഡ എടുത്തപ്പോള്‍ റഷ്യ അവസരം നോക്കി മറുപടി നല്‍കി എന്നതാണ് വാസ്തവം.
അതേസമയം നാഡയുടെ തീരുമാനം യഥാര്‍ഥത്തില്‍ സംശയാസ്പദമായിരുന്നു. രണ്ടു തവണ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട താരത്തെ സംശയത്തിന്റെ ആനുകൂല്യത്തില്‍ എങ്ങനെ കുറ്റവിമുക്തനാക്കാന്‍ സാധിക്കും.
പരിശോധനയില്‍ പരാജയപ്പെട്ട സമയത്ത് നര്‍സിങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. തന്റെ പരിശോധനയില്‍ അട്ടിമറി നടന്നെന്നായിരുന്നു താരത്തിന്റെ ആരോപണം. വാദം കേള്‍ക്കലില്‍ നാഡ താരത്തിന്റെ ആരോപണങ്ങളെല്ലാം തള്ളിയിരുന്നു. പക്ഷേ വിധി മറ്റൊരു തരത്തിലാണ് വന്നത്. ഉത്തേജക വിരുദ്ധ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 10.4ല്‍ ഒരു താരം ഉത്തേജക ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ വാദം കേള്‍ക്കലില്‍ ഉത്തേജകം ശരീരത്തിലെത്തിയത് ഏങ്ങനെയെന്ന് കൃത്യമായി വിശദീകരിച്ചാല്‍ താരത്തെ കുറ്റവിമുക്തനാക്കാം എന്നാണ്. ഇതാണ് നര്‍സിങിന് തുണയായത്.
എന്നാല്‍ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് ഇന്ത്യയുടെ നിലപാടില്‍ തീരെ വിശ്വാസമില്ല. ഇക്കാര്യത്തില്‍ അവര്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെ ക്ലീന്‍ ചിറ്റ് കിട്ടിയാല്‍ മാത്രമേ താരത്തിന് റിയോയില്‍ മത്സരിക്കാന്‍ സാധിക്കൂ.
എന്നാല്‍ റഷ്യ നര്‍സിങിനെ വെറുതെ വിടാന്‍ തയാറല്ല. നിറത്തിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര റെസ്്‌ലിങ് ഫെഡറേഷന്‍ താരങ്ങളെ മത്സരിപ്പിക്കുന്നതെന്നായിരുന്നു റഷ്യയുടെ അടുത്ത വാദം. നിരവധി ഗുസ്തി താരങ്ങളെ റഷ്യക്ക് ഉത്തേജ വിവാദം കൊണ്ട് നഷ്ടമായി. എന്നാല്‍ നര്‍സിങ് ഇതേ പ്രശ്‌നം നേരിട്ടപ്പോള്‍ അദ്ദേഹത്തിന് ഒളിംപിക് ടിക്കറ്റും ലഭിച്ചു. ഈ പരിഗണന തങ്ങളുടെ ടീമംഗങ്ങള്‍ക്ക് ലഭിക്കാതിരുന്നത് തൊലിയുടെ നിറം വെളുപ്പായത് കൊണ്ടാണെന്നാണ് റഷ്യ ടീം അധികൃതര്‍ പറയുന്നത്. പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആലോചിച്ചത് ഇതൊരല്‍പ്പം കടന്നു പോയെന്ന്. അതോടെ മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."