ചെറുകാവിലെ ദുരന്തസ്ഥലങ്ങളില്‍ ഒന്നും ചെയ്യാനാകാതെ അധികൃതര്‍
കൊണ്ടോട്ടി: മൂന്ന് മാസം കഴിഞ്ഞിട്ടും പ്രളയകാലത്ത് ചെറുകാവില്‍ കുന്നിടിഞ്ഞുവീണ് തകര്‍ന്ന വീട് പൊളിച്ചു നീക്കാത്തത് ഭീതി പരത്തുന്നു. ഐക്കരപ്പടി പൂച്ചാലിലെ കണ്ണനാരി അബ്ദുള്‍ അസീസിന്റെ തകര്‍ന്ന വീടാണ് അപകടഭീതിയിലുള്ളത്. മണ്ണിടിച്ചിലില്‍ അസീസും ഭാര്യ സുനീറ(42), ഇളയ മകന്‍ ഉബൈദ്(ആറ്)എന്നിവര്‍ മരിച്ചിരുന്നു.
ഓഗസ്റ്റ് 15ന് പുലര്‍ച്ചെ വീടിന്റെ പിന്‍ഭാഗത്തെ കുന്ന് കനത്ത മഴയില്‍ ഇടിഞ്ഞുവീണാണ് അപകടം. തൂണുകളം ചുമരുകളും തകര്‍ന്ന് വീട് ദിവസം കഴിയുംതോറും കൂടുതല്‍ ചെരിയുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മഴ മാറുന്നതിന് മുന്‍പ് വീട് പൊളിച്ചു നീക്കിയാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജിയോളജി വിഭാഗത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് വീട് പൊളിച്ചു മാറ്റാത്തത്.
ഇതോടെ അയല്‍വാസികള്‍ അപകട ഭീതിയിലായിരിക്കുകയാണ്. അസീസിന്റെ മക്കളായ ഉവൈസ്(18), ഉനൈസ്(16)എന്നിവര്‍ അപകടത്തില്‍ രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്ക് വീട് നിര്‍മാണത്തിന് ധനസഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പെരിങ്ങാവ് കൊടപ്പുറത്ത് ഒന്‍പത് പേര്‍ മരിച്ച അപകടത്തില്‍ തകര്‍ന്ന വീടും പുനര്‍നിര്‍മിക്കുന്നതിന് നടപടിയൊന്നുമായിട്ടില്ല. പെരിങ്ങാവ് കൊടപ്പുറം പാണ്ടികശാല അസ്‌ക്കറിന്റെ വീടാണ് തകര്‍ന്നത്. ഓഗസ്റ്റ് 15-ന് ഉച്ചയ്ക്ക് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ബന്ധുക്കളും അയല്‍വാസികളുമായ ഒന്‍പത് പേരാണ് മരിച്ചത്. അസ്‌കറിന്റെ വീട് അപകടം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചു നീക്കിയിരുന്നു.
ഇതേസ്ഥലത്ത് അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ വീണ്ടും വീട് നിര്‍മിക്കാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. സര്‍ക്കാര്‍ ധനസഹായം സ്വീകരിച്ച് മറ്റൊരിടത്ത് വീടുണ്ടാക്കിയാല്‍ ഈ സ്ഥലം സര്‍ക്കാറിന് നല്‍കേണ്ടി വരുമെന്നതിനാല്‍ അസ്‌കര്‍ വാഗ്ദാനം സ്വീകരിച്ചിട്ടില്ല.നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ വീടിന് ധനസഹായം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."