മനാഫ് വധക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി
മഞ്ചേരി: മനാഫ് വധക്കേസില്‍ പ്രതിയുടെ ജാമ്യം രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി റദ്ദ് ചെയ്തു. ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ കബീറിന്റെ (ജാബിര്‍ 45) ജാമ്യമാണ് കോടതി റദ്ദുചെയ്തത്. ഇയാള്‍ക്ക് അറസ്റ്റുവാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കോടതിയെ കബളിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഇതുറദ്ദാക്കണമെന്നും ആവശ്യപ്പെട്ടു കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് കോടതിയെ സമീപിക്കുകയായിരുന്നു.
മനാഫ് വധക്കേസില്‍ ഒളിവില്‍പോയ പ്രതി കബീര്‍ 2008ലാണ് ഗസറ്റില്‍ പരസ്യം നല്‍കി കബീര്‍ എന്ന പേരുമാറ്റി ജാബിറായത്. ഇതു കോടതിയില്‍ മറച്ചുവച്ചുവെന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. വാദം പരിഗണിച്ചാണ് കോടതി കബീറിന്റെ ജാമ്യം റദ്ദുചെയ്തത്. മറ്റൊരു പ്രതി മുനീബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല. കേസ് ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കും.
1995 ഏപ്രില്‍ 13നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ എടവണ്ണ അങ്ങാടിയില്‍ കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാംപ്രതിയായിരുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറടക്കം 21 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."