യതീഷ് ചന്ദ്ര മലയിറങ്ങുന്നു; പുതിയ സുരക്ഷാക്രമീകരണങ്ങള്‍ 29 മുതല്‍
തിരുവനന്തപുരം: ശബരിമലയുടെ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയാറായി. പുതിയ സുരക്ഷാക്രമീകരണങ്ങള്‍ 29 മുതല്‍ ആരംഭിക്കും. ഉദ്യോഗസ്ഥരോട് 29ന് രാവിലെ എട്ടിന് ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുള്ള രണ്ടാംഘട്ടത്തില്‍ പമ്പയുടെയും സന്നിധാനത്തിന്റെയും സുരക്ഷാ മേല്‍നോട്ട ചുമതലയാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.
നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ടച്ചുമതല ഇന്റലിജന്‍സ് ഐ.ജി അശോക് യാദവിനായിരിക്കും. ശബരിമല മണ്ഡല, മകരവിളക്ക് കാലത്ത് സുരക്ഷാചുമതലയുള്ള പൊലിസ് ജോയിന്റ് ചീഫ് കോഓര്‍ഡിനേറ്ററായി തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം തുടരും.
പൊലിസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്ത് വയനാട് ജില്ലാ പൊലിസ് മേധാവി കറുപ്പസാമിയെയും വിജിലന്‍സ് എസ്.പി കെ.ഇ ബൈജുവിനെയും നിയോഗിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പൊലിസ് മേധാവി കാളിരാജ് മഹേഷ്കുമാര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി എം.കെ പുഷ്കരന് എന്നിവര്‍ പമ്പയിലും ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി എച്ച്. മഞ്ചുനാഥ്, സ്പെഷല്‍ സെല്‍ എസ്.പി വി. അജിത് എന്നിവര്‍ നിലയ്ക്കലും പൊലിസ് കണ്‍ട്രോളര്‍മാരായി പ്രവര്‍ത്തിക്കും. മരക്കൂട്ടത്ത് കേരള പൊലിസ് അക്കാദമി അസിസ്റ്റന്റ് ഡയരക്ടര്‍ കെ.കെ അജി, വടശേരിക്കരയില്‍ കെ.എ.പി ഒന്നാം ബറ്റാലിയന് കമാന്‍ഡന്റ് പി.വി വിത്സന്, എരുമേലിയില്‍ എന്‍.ആര്.ഐ സെല്‍ എസ്.പി വി.ജി വിനോദ് കുമാര്‍ എന്നിവരെയും പൊലിസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചു.
സുപ്രിംകോടതി വിധി വന്നശേഷം സംസ്ഥാനത്തെ വിവിധ ഐ.പി.എസ് ഉദ്യോഗസ്ഥരെ ശബരിമല മുതല്‍ എരുമേലി വരെയുള്ള പ്രദേശങ്ങളുടെ സുരക്ഷാ ചുമതല നല്കി നിയമിച്ചിരുന്നു. നിലവില്‍ മറ്റു പദവികളില്‍ ഇരിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ താല്കാലിക ചുമതല നല്‍കിയാണ് ശബരിമല ഡ്യൂട്ടിക്കായി വിന്യസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."