രണ്ടുസുപ്രധാന കേസുകളില്‍ ഇന്ന് വിധി: ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ ?; കര്‍ണാടക വിമത എം.എല്‍.എമാരുടെ ഭാവി എന്ത്? ഉത്തരം ഇന്നറിയാം
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ ഇല്ലയോ എന്ന സുപ്രധാന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. സുപ്രിംകോടതി തന്നെ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപ്ക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വിധി പറയുന്നത്.
സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ്ചന്ദ്ര അഗവര്‍വാള്‍ സുപ്രിംകോടതിയില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചതോടെയാണ് കേസിന്റെ തുടക്കം. അപേക്ഷ സുപ്രിംകോടതി തള്ളി. ഇതിനെത്തുടര്‍ന്ന് സുഭാഷ് ചന്ദ്ര വിവരാവകാശ കമ്മിഷണര്‍ക്ക് പരാതി നല്‍കി.
സുപ്രിംകോടതി രാജ്യത്തെ മറ്റു സ്ഥാപനങ്ങള്‍ പോലെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കണമെന്നുമായിരുന്നു കമ്മിഷണറുടെ ഉത്തരവ്. ഇതിനെതിരേ സുപ്രിംകോടതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നാലെ ചീഫ് ജസ്റ്റിസ് എ.പി ഷാ, ജസ്റ്റിസുമാരായ വിക്രംജീത്ത് സെന്‍, എസ്.മുരളീധര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചും. ഇതിനെതിരേ 2010ല്‍ സുപ്രിംകോടതി സ്വന്തം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഇത് 2016ല്‍ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയും വാദം കേള്‍ക്കുകയുമായിരുന്നു.
ജൂഡീഷ്യറി സ്വതന്ത്രമായിരിക്കണമെന്ന സങ്കല്‍പ്പം വിവരാവകാശപ്രകാരമുള്ള വിവരങ്ങള്‍ കൈമാറുന്നതിന് തടസ്സമാകുമോ, സുപ്രിംകോടതിയിലെ വിവരങ്ങള്‍ വിവരാവകാശപ്രകാരം തേടുന്നത് കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന്റെ പരിധിയില്‍ വരുമോ തുടങ്ങിയ അഞ്ചു കാര്യങ്ങളാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
എല്ലാ മേഖലയിലും സുതാര്യത കൊണ്ടുവരണമെന്ന നിലപാട് സ്വീകരിക്കുന്ന കോടതി എങ്ങനെയാണ് സ്വന്തം ജഡ്ജി നിയമനത്തിനുള്ള നടപടികള്‍ കുറച്ചു പേര്‍ മാത്രമറിഞ്ഞാല്‍ മതിയെന്ന് തീരുമാനിക്കുകയെന്നായിരുന്നു ഹരജിക്കാരനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷന്‍ വാദിച്ചത്. ഉന്നത ജുഡീഷ്യറിയെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍കൊണ്ടുവരുന്നത് ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.
കര്‍ണാടക എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെതിരായ ഹരജിയിലും ഇന്ന് സുപ്രിംകോടതി വിധിപറയും. കൂറുമാറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെ.ഡി.എസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹരജിയില്‍ രാവിലെ 10.30ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. വിധി വരാനുള്ള സാഹചര്യത്തില്‍ കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ മാറ്റിവെച്ചിരുന്നു. എം.എല്‍.എമാരെ ചാക്കിലാക്കാന്‍ അമിത്ഷായുടെ പിന്തുണയുണ്ടെന്ന് പറയുന്ന യെദ്യൂരപ്പയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശവും കര്‍ണാടക കോണ്‍ഗ്രസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതടക്കം പരിഗണിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Supreme Court to decide today if CJI comes under RTI Act; Ranjan Gogoi had earlier said institution can't be destroyed in name of transparency
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."