ജില്ലാ സ്‌കൂള്‍ കലോത്സവം: കലാരവം തുടങ്ങി; കളറില്ലാതെ
മലപ്പുറം: ഘോഷയാത്രയും ആഘോഷതിമിര്‍പ്പുകളുമില്ലാതെ ജില്ലാ കലോത്സവത്തിനു തുടക്കം. സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ഇന്നും നാളെയും എല്ലാ വേദികളിലും രാവിലെ ഒന്‍പതിന് മത്സരം തുടങ്ങും. ഇന്നലെ 11 വേദികളില്‍ രാവിലെ ഒന്‍പതിനും അഞ്ച് വേദികളില്‍ വൈകീട്ട് നാലിനും മത്സരം തുടങ്ങി. ഇന്നലെ 16 വേദികളിലായി നടന്ന 61 ഇനങ്ങളില്‍ 1638 പ്രതിഭകള്‍ പങ്കെടുത്തു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അധ്യാപകരുടേയും എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട്‌സ്, എന്‍.എസ്.എസ് തുടങ്ങിയ മുന്നൂറോളം വളണ്ടിയമാരും സേവനമുണ്ട്. മത്സര സമയം, വേദി, ഫലം എന്നിവയെല്ലാം സൈറ്റിലും മൊബൈല്‍ ആപിലും ലഭ്യമാക്കുന്നുണ്ട്.
ചെലവുചുരുക്കിയ മേളയില്‍ വേദികളുടെ അകലം മത്സരാര്‍ഥികള്‍ക്ക് തിരിച്ചടിയായി. ഓരോ വേദിയും തമ്മില്‍ കിലോമീറ്ററുകളോളം അകലമാണുള്ളത്. വിവിധ മത്സരങ്ങള്‍ക്കും ഭക്ഷണ വിതരണത്തിനുമെല്ലാം ഇതു തടസമായി. മത്സരം നാളെ വൈകീട്ട് സമാപിക്കും.
നാടന്‍പാട്ടില്‍ കൈയടിയും പിന്നെ, കല്ലുകടിയും
മലപ്പുറം: നിറഞ്ഞ സദസില്‍ മുന്നേറിയ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ട് മത്സരം വ്യത്യസ്ത അവതരണം കൊണ്ട് കൈയടി നേടി. കൂടെ വിധിനിര്‍ണയത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി വിവിധ സ്‌കൂള്‍ അധ്യാപകരും മത്സരാര്‍ഥികളും പ്രതിഷേധവുമായി എത്തിയത് വിവാദങ്ങള്‍ക്ക് ഇടം നല്‍കി. പരിചയസമ്പത്തും തുടര്‍ച്ചയായ വിജയങ്ങളും നേടി മുന്നേറുന്ന സംഘങ്ങളെ പിന്നിലാക്കി പുതിയ ടീം ജേതാക്കളായെന്ന പ്രത്യേകതയും ഇത്തവണ നാടന്‍പാട്ട് മത്സരത്തിലുണ്ടായി.
പുലയ സമുദായക്കാരുടെ തനതു അവതരണം കെട്ടിറക്കവും കെട്ടിയാട്ടപ്പാടുമായി വേദിയിലെത്തിയ ജി.എച്ച്.എസ്.എസ് പൂക്കോട്ടുംപാടമാണ് ജേതാക്കളായത്. പറച്ചെണ്ട, തുടി, ചെലമ്പ്, വീക്കന്‍ ചെണ്ട, അരമണി എന്നീ പരമ്പരാഗത വാദ്യോപകരണങ്ങള്‍ അണിനിരത്തി കെ.പി ആതിര, പി. ശ്രീലക്ഷ്മി, സി. ഹരികൃഷ്ണന്‍, പി. സുരാഗ്, ടി.ടി കൃഷ്ണദേവ്, പി.ഇ വൈഷ്ണവി, എസ്.പി ശ്രീരാഗ് എന്നിവരാണ് വേദിയിലെത്തിയത്.
അരുള്‍പ്പാട് നാടന്‍പാട്ട് പഠനകേന്ദ്രത്തിലെ പാലേമാട് സ്വദേശി പി.പി അഭിലാഷാണ് പരിശീലകന്‍. പതിനാല് വര്‍ഷമായി നാടന്‍പാട്ട് പരിശീലന രംഗത്തുള്ള അഭിലാഷ് കോമഡി മേഖലയിലും സജീവമാണ്. മികച്ച നിലവാരം പുലര്‍ത്തുന്ന നാടന്‍പാട്ടുകളാണ് വേദിയിലെത്തിയ 35 ടീമുകളും അവതരിപ്പിച്ചത്. പ്രകടന മികവിന് ആസ്വാദകരുടെ നിറഞ്ഞ കൈയടിയാണ് ടീമുകള്‍ക്ക് ലഭിച്ചെങ്കിലും വിധിനിര്‍ണയത്തിലെ അപാകതയെ ചൊല്ലി ടൗണ്‍ഹാളിന് പുറത്ത് പ്രതിഷേധ നാടന്‍പാട്ട് അവതരണവും അരങ്ങേറി.
പ്രത്യേക അറിയിപ്പ്
വയറും മനസും നിറച്ചേ പോകാവൂ...
മലപ്പുറം: ഒരു പ്രത്യേക അറിയിപ്പ്. ഭക്ഷണം റെഡിയായിരിക്കുന്നു. മത്സരാര്‍ഥികളും അധ്യാപകരും വിധികര്‍ത്താക്കളും വയറും മനസും നിറച്ചേ തിരിച്ചുപോകാവൂ... ജില്ലാ കലോത്സവത്തില്‍ ഇടക്കിടെ മുഴങ്ങിക്കേട്ട അറിയിപ്പാണിത്. പ്രളയത്തിന്റെ പേരില്‍ ചെലവ് ചുരുക്കിയത് മേളയുടെ നിറം കെടുത്തിയെങ്കിലും ഭക്ഷണക്കാര്യത്തില്‍ യാതൊരു കുറവും അനുഭവപ്പെട്ടില്ല. വയറ് നിറയുവോളം കഴിക്കാനുള്ള വിഭവങ്ങള്‍ യഥാസമയം റെഡിയായിരുന്നു. ഒന്നാം ദിനത്തില്‍ തന്നെ ഊട്ടുപുര സജീവമായി.
ഇരുപത് വേദികളിലായാണ് മത്സരം നടന്നതെങ്കിലും മലപ്പുറം ടൗണ്‍ ഹാള്‍, മേല്‍മുറി എം.എം.ഇ.ടി, മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായിരുന്നു ഭക്ഷണ വിതരണം. ടൗണ്‍ ഹാളിലും മേല്‍മുറി എം.എം.ഇ.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു പാചകം. ബോയ്‌സ് സ്‌കൂളിലേക്ക് ടൗണ്‍ ഹാളില്‍നിന്ന് ഭക്ഷണം എത്തിച്ചു. രാവിലെ 11ന് ആരംഭിച്ച ഉച്ചയൂണ് നാലിനാണ് അവസാനിച്ചത്. 1700 പേര്‍ക്കാണ് ഭക്ഷണം ഒരുക്കിയിരുന്നത്. മത്സരാര്‍ഥികളും അധ്യാപകരും ഉള്‍പ്പടെ 1560 പേര്‍ ഭക്ഷണം കഴിച്ചു.
ടൗണ്‍ഹാളില്‍ അഞ്ചും എം.എം.ഇ.ടിയില്‍ രണ്ട് പേരുമാണ് കലോത്സവ ഊട്ടുപുരയില്‍ പാചകത്തിനായി പ്രവര്‍ത്തിക്കുന്നത്. സാമ്പാറും മോരും രസവുമൊക്കെ ചേര്‍ന്ന് സ്വാദിഷ്ടമായ വെജിറ്റേറിയന്‍ സദ്യയാണ് എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനും രാത്രിയിലും ഒരുക്കുന്നത്. കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാചകരംഗം പ്രവര്‍ത്തിക്കുന്നത്. എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും ബോയ്‌സ് ഹയര്‍സെക്കന്‍ഡറിയിലെയും എന്‍.സി.സി കേഡറ്റ്, എം.എം.ഇ.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് എന്നിവര്‍ ഭക്ഷണം വിളമ്പാന്‍ സജീവമായി രംഗത്തുണ്ട്. മൂന്ന് ദിനങ്ങളിലായി 9,000 പേര്‍ക്കാണ് ഭക്ഷണം വിളമ്പുന്നത്.
ആവര്‍ത്തനം ഒഴിവാക്കി നാടകവേദി
മലപ്പുറം: കലോത്സവത്തിലെ നാടകവേദിയില്‍ പതിവ് ആവര്‍ത്തന വിരസതക്ക് ഇടമില്ലാതായതോടെ അവതരണം ഒന്നിനൊന്ന് മെച്ചമായി. തെരുവ് നായ ശല്യം മുതല്‍ ഭീകരവാദം വരെയുള്ള വിഷയങ്ങളിലൂന്നിയായിരുന്നു നാടകങ്ങള്‍.
ഇത്തവണ ആണ്‍കുട്ടികളും സജീവമായി നാടകമത്സരത്തില്‍ പങ്കെടുത്തു. 15 നാടകങ്ങളില്‍ പത്തോളംനാടകങ്ങള്‍ മികച്ച അവതരണമികവ് പുലര്‍ത്തി. നാടക മത്സരങ്ങളില്‍ കൃത്യമായ ഇടപെടല്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നതിന് തെളിവായിരുന്നു ഓരോ ടീമിന്റെയും അവതരണം.
പെണ്‍പക്ഷത്തുനിന്നാണ് പല നാടകങ്ങളും അരങ്ങില്‍ സംസാരിച്ചത്. കേരളീയ സമൂഹ ജീവിതത്തില്‍ പുരുഷന്റെ മേല്‍ക്കൈ സ്ത്രീകളില്‍ ഏല്‍പ്പിക്കുന്ന വേദനയെപ്പറ്റി ഓര്‍മിപ്പിക്കുന്ന നാടകങ്ങള്‍. ഇത്തരം വേദനാജനകനമായ അനുഭവങ്ങള്‍ ഓര്‍മിപ്പിക്കുകയും അതിനെ തരണം ചെയ്യാന്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണമെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്ന നാടകങ്ങള്‍ ഇത്തവണ ഉണ്ടായി.മലയാളികളുടെ പൊങ്ങച്ചവും ആര്‍ഭാടവും ഭക്ഷണം പാഴാക്കുന്ന ശീലവും അരങ്ങിലെത്തി. നിപാ വൈറസ് പടര്‍ത്തിയ വവ്വാലുകള്‍, വെട്ടിനിരത്തിയ പ്രകൃതി ഭംഗി, പ്രളയത്തില്‍ പഠിക്കാതെ കേരളം തുടങ്ങിയ വിഷയങ്ങളും നാടകത്തില്‍ ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."