മംഗളൂരു-ദുബൈ യാത്ര: യുവാവിന്റെ ബാഗില്‍ നിന്നും പണവും രേഖകളും കവര്‍ന്നു
ഹമീദ് കുണിയ
കാസര്‍കോട്: മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് യാത്ര പോയ യുവാവിന്റെ ബാഗില്‍ നിന്നും പണവും രേഖകളും കവര്‍ച്ച ചെയ്തു.
ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്നിലെ യൂസുഫാണ് പരാതിക്കാരന്. ഇത് സംബന്ധമായി ദുബൈയിലെയും മംഗളൂരുവിലെയും വിമാനത്താവള അധികൃതര്‍ക്ക് ഇയാള്‍ പരാതി നല്കി.
ഈമാസം 18ന് പുലര്‍ച്ചെ 12.30ന് മംഗളൂരുവില്‍ നിന്നും പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു യൂസുഫ്.
കുറച്ചു ദിവസം മുന്പ്് ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ സംബന്ധിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ നാട്ടിലെത്തിയത്.
ദുബൈയിലേക്ക് പോകുമ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന ബാഗ് പരിശോധനയ്ക്കായി നല്‍കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനാ വിഭാഗത്തിന് നല്‍കിയത്. ദുബൈയില്‍ വിമാനമിറങ്ങി ബാഗ് എടുക്കാന്‍ ചെന്നപ്പോഴാണ് ബാഗിന്റെ പൂട്ട് തകര്‍ത്ത നിലയിലും എയര്‍ലൈന്‍ ടാഗ് പൊട്ടിച്ചു കളഞ്ഞ നിലയിലും കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ വച്ച് ദുബൈ പൊലിസിനെ വിവരമറിയിച്ച് ബാഗ് തുറന്നു നോക്കിയതോടെയാണ് ബാഗിലുണ്ടായിരുന്ന 5,000 യു.എ.ഇ ദിര്‍ഹം വിലപ്പെട്ട രേഖകള്‍, ഡെബിറ്റ് കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് എന്നിവ ഉള്‍പെടെയുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.മംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് പോയ ഒട്ടനവധി യാത്രക്കാരുടെ ബാഗേജുകള്‍ തുറന്നു ഇതിനു മുന്‍പും സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."