രാഷ്ട്രപതി ഭരണത്തിന് അല്‍പ്പായുസ്സെന്ന് റിപ്പോര്‍ട്ട്; സുപ്രിംകോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും; ഇപ്പോഴും ചര്‍ച്ചകള്‍ സജീവം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും പ്രതീക്ഷയോടെ കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ശക്തമായി പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ഇതോടൊപ്പം തന്നെ ഭാവിയില്‍ അവസരം ഒത്തുവരുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമാക്കാമെന്ന കണക്കുകൂട്ടലില്‍ മൂന്നുപാര്‍ട്ടികളും ഇന്നലെ രാത്രി വൈകിയും തന്ത്രങ്ങള്‍ മെനഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കെ.സി വേണുഗോപാലും മല്ലകാര്‍ജ്ജുന്‍ ഖാര്‍ഗെയുമാണ് മുംബൈ കേന്ദ്രീകരിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇന്നലെ ഇരുവരും എന്‍.സി.പി- ശിവസേനാ നേതാക്കളെ ഒന്നിലധികം തവണയാണ് കണ്ടത്.
രാഷ്ട്രപതി ഭരണത്തിനെതിരായ ശിവസേനയുടെ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി സംസ്ഥാന ഹൈക്കോടതി റദ്ദാക്കിയ അനുഭവം ഉണ്ട്. ഈ സാഹചര്യത്തില്‍ ശിവസേനയുടെ ഹരജിയില്‍ സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാവുമെന്ന് മൂന്നുപാര്‍ട്ടികളും പ്രതീക്ഷിക്കുന്നുണ്ട്. കപില്‍സിബലിന്റെയും അഭിഷേക് മനു സിങ്‌വിയുടെയും നേതൃത്വത്തിലുള്ള പ്രഗല്‍ഭ അഭിഭാഷകനിരയെയാണ് കോണ്‍ഗ്രസ് ശിവസേനക്ക് വേണ്ടി അണിനിരത്തുന്നത്. ഇതിന് പുറമെ ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കുംസുപ്രിംകോടതിയെ സമീപിക്കുന്നുണ്ട്.
എന്നാല്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടി സാങ്കേതികം മാത്രമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുള്ളതിനാല്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതിരുന്നതോടെയാണ് ഗവര്‍ണറുടെ നടപടി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാലും ആറുമാസത്തിനുള്ളില്‍ ഏതു പാര്‍ട്ടിയ്ക്കും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാവുന്നതാണ്. തന്നെയുമല്ല രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി രണ്ടു മാസത്തിനുള്ളില്‍ പാര്‍ലമെന്റ് അംഗീകരിക്കുകയും വേണം. ഇനി അങ്ങിനെ അംഗീകരിച്ചാല്‍ തന്നെ ആറുമാസം കഴിഞ്ഞാല്‍ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി തീരും. ജമ്മുകശ്മിര്‍ ഉല്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നേരത്തെ കാലാവധി അവസാനിച്ചതോടെ രാഷ്ട്രപതി ഭരണം വീണ്ടും നീട്ടിക്കൊണ്ടുപോയ സാഹചര്യവുമുണ്ട്.
അതേസമയം, മഹാരാഷ്ട്ര ഗവര്‍ണര്‍ ചട്ടങ്ങള്‍ പാലിക്കാതെ ധൃതിപിടിച്ച് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശചെയ്യുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഗവര്‍ണറുടെ നാലുനടപടികളാണ് വിവാദമായത്.
1, തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും തനിച്ച് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പൂര്‍വ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുക. ഇതുപ്രകാരം മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന മുന്നണിയെയായിരുന്നു വിളിക്കേണ്ടത്. എന്നാല്‍, അധികാരത്തര്‍ക്കം നിലനിന്നതിനാല്‍ മുന്നണിയെ വിളിച്ചിട്ട് കാര്യമില്ലെന്നതിനാല്‍ ഗവര്‍ണര്‍ അങ്ങിനെ ചെയ്തില്ല.
2, അതുകഴിഞ്ഞ് രണ്ടാമത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാനന്തര സഖ്യത്തെ ക്ഷണിക്കുക. കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യമാണ്് നിലവില്‍ തെരഞ്ഞെടുപ്പാനന്തര രണ്ടാമത്തെ വലിയ സഖ്യം. എന്നാല്‍, ഇവരെ ഗവര്‍ണര്‍ വിളിച്ചില്ല.
3, ഒറ്റക്കക്ഷികളെ വിളിക്കാം. ബി.ജെ.പിയെയും ശിവസേനയെയും എന്‍.സി.പിയെയും വിളിച്ച ഗവര്‍ണര്‍ കോണ്‍ഗ്രസിനെ വിളിച്ചില്ല.
4, ബി.ജെ.പിക്ക് 48ഉം ശിവസേനക്ക് 24ഉം മണിക്കൂര്‍ നല്‍കിയ ഗവര്‍ണര്‍ എന്‍.സി.പിക്ക് അത്രയും സമയം നല്‍കിയില്ല. എന്‍.സി.പിക്ക് തിങ്കളാഴ്ച വൈകീട്ട് 24 മണിക്കൂര്‍ നല്‍കിയിരുന്നു. എന്നാല്‍, ആ കാലാവധി ചൊവ്വാഴ്ച വൈകീട്ട് 7.30ന് അവസാനിക്കും മുന്‍പ് ഉച്ചയോടെ തന്നെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശചെയ്യുകയാണ് ഗവര്‍ണര്‍ ചെയ്തത്.
maharashtra goverment formation. updates
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."